വള്ളി നിക്കറിട്ട് എല്‍ഡിഎഫിന്റെ പിന്നാലെ നടന്നിരുന്ന കാലം മുരളീധരന്‍ മറക്കരുത്; വി എസ്

വ്യാഴം, 11 ഫെബ്രുവരി 2016 (11:50 IST)
കെ മുരളീധരനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്.  കെ കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ മുരളീധരനെ ചാട്ടവാറുകൊണ്ട് അടിച്ചേനെയെന്ന് വി എസ് പറഞ്ഞു‍. ടൈറ്റാനിയം അഴിമതിക്കേസുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കവെയാണ് വി എസ് ഇത്തരത്തില്‍ പ്രതികരിച്ചത്.

കഴിഞ്ഞ ദിവസവും നിയമസഭയില്‍ വെച്ച് വി എസും മുരളീധരനും തമ്മില്‍ വാക് പോര് നടന്നിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഇന്ന് വി എസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഉമ്മന്‍ ചാണ്ടിയുടെ വക്കാലത്ത് ഏറ്റെടുക്കുന്നത് കരുണാകരന്റെ പ്രിയ പുത്രനാണെന്നാണ് കോണ്‍ഗ്രസിന്റെ ഉപശാലകളില്‍ നിന്നും കേള്‍ക്കുന്ന വര്‍ത്തമാനമെന്ന് പറഞ്ഞായിരുന്നു വി എസ് തുടങ്ങിയത്.

ഇപ്പോള്‍ മുരളീധരന്‍ ഗ്രൂപ്പ് മാറി ഉമ്മന്‍ ചാണ്ടിക്കൊപ്പം കൂടിയിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി ഗാന്ധിജിയേക്കാള്‍ മഹാനാണെന്ന് മാത്രമാണ് മുരളി പറയാതിരുന്നത്. ഇത് കാണാന്‍ കരുണാകരന്‍ ഇല്ലാതിരുന്നത് മുരളീധരന്റെ മാത്രമല്ല ഉമ്മന്‍ ചാണ്ടിയുടേയും ഭാഗ്യമാണെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.

താന്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്തെങ്കിലും വിഷമമുണ്ടാകുന്നത് തന്റെ വാക്കുകളുടെ കുഴപ്പമല്ലെന്നും നിങ്ങളുടെ കയ്യിലിരുപ്പു കൊണ്ടാണെന്നും വി എസ് വ്യക്തമാക്കി. ഇതിനെതിരെ വി ഡി സതീശന്‍ എതിര്‍പ്പുന്നയിച്ചു. വിഷയത്തില്‍ നിന്ന് മാറി സംസാരിക്കാന്‍ ആരേയും സ്പീക്കര്‍ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വീണ്ടും സംസാരിക്കാന്‍ ആരംഭിച്ച വി എസ്, ഡി ഐ സിയുമായി വള്ളി നിക്കറിട്ട് എല്‍ ഡി എഫിന്റെ പിന്നാലെ നടന്നിരുന്ന കാലം മുരളീധരന്‍ ഒരിക്കലും മറക്കരുതെന്നും ഓര്‍മിപ്പിച്ചു. ഇതോടെ വി എസിന്റെ പ്രസ്താവനയ്‌ക്കെതിരെ ഭരണപക്ഷം ഒറ്റക്കെട്ടായി രംഗത്തെത്തി.

കഴിഞ്ഞ ദിവസം തന്നെ കിങ്ങിണിക്കുട്ടനെന്ന് പരിഹസിച്ച വി എസിനെതിരെ മുരളീധരനും തിരച്ചടിച്ചു. കിങ്ങിണിക്കുട്ടനെന്ന പ്രയോഗം തന്നെക്കാളും ഉചിതമായി ചേരുന്നത് വി എസിന്റെ മകനാണെന്ന് മുരളീധരന്‍ പറഞ്ഞു. ഇതോടെ ഇരുപക്ഷത്തും ബഹളമായതിനെ തുടര്‍ന്ന് സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സ്പീക്കര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക