നല്ല കുട്ടിയായി, ഇപ്പോള്‍ പ്രശ്‌നങ്ങളില്ല; വിഎസിനെതിരെ നടപടി ഉണ്ടാകില്ല, ജയരാജന്‍ വിഷയം കത്തും - പിബി യോഗം ചൊവ്വാഴ്‌ച

തിങ്കള്‍, 14 നവം‌ബര്‍ 2016 (16:42 IST)
മുതിര്‍ന്ന സിപിഎം നേതാവും ഭരണ പരിഷ്‌കാര കമ്മിഷൻ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദനെതിരായ പരാതിയില്‍ നടപടി വേണ്ടെന്ന് പിബി കമ്മീഷന്‍ റിപ്പോര്‍ട്ട്. പരാതികളുടെ കാലപ്പഴക്കം കണക്കിലെടുത്താണ് ഈ നീക്കം. കമ്മിഷൻ റിപ്പോർട്ട് നാളത്തെ പിബി യോഗം ചർച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കും.

വിഎസിനെതിരെ അച്ചടക്ക നടപടി ഇനി ആവശ്യമില്ലെന്നും അങ്ങനെയുണ്ടായാല്‍ വിവാദങ്ങള്‍ ഉണ്ടാകുമെന്നുമാണ് പാര്‍ട്ടി വിശ്വസിക്കുന്നത്. പിബി കമ്മിഷൻ നടപടികൾ നീട്ടി കൊണ്ടുപോകുന്നതിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും അത്ര താത്പര്യമില്ല. തുടർന്നാണ് കമ്മിഷൻ പ്രവർത്തനം അവസാനിപ്പിക്കുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ ഐക്യം തകര്‍ക്കരുതെന്ന് വിഎസിന് യോഗത്തില്‍ നിര്‍ദേശം നല്‍കിയേക്കും.  

വിഭാഗീയതയുമായി ബന്ധപ്പെട്ട് മൂന്നുവര്‍ഷത്തോളമായി ഉയര്‍ന്നിരുന്ന പരാതികളാണ് പിബി കമ്മീഷനിലുളളത്. ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും ജനറൽ സെക്രട്ടറി വിളിച്ചിട്ടും തിരിച്ചു വരാതിരിക്കുകയും ചെയ്തത് ഉൾപ്പെടെയുള്ള കുറ്റങ്ങളും വിഎസിനെതിരെ പിബി കമ്മിഷന്റെ മുമ്പിലുണ്ട്.

സംസ്ഥാന ഘടകത്തിന്റെ പരാതിയും സംസ്ഥാന നേതൃത്വത്തിനെതിരായി വിഎസിന്റെ പരാതിയുമാണ് പിബി കമ്മിഷന്റെ പരിഗണനയിലുള്ളത്.

വിഎസിനെതിരെ നടപടി ഉണ്ടാകില്ലെന്ന് വ്യക്തമായതോടെ സംസ്ഥാന സമിതിയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നത് അടക്കമുളള കാര്യങ്ങള്‍ കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്. വ്യവസായ മന്ത്രിയായിരുന്ന ഇപി ജയരാജന്‍ നടത്തിയ ബന്ധു നിയമനങ്ങളെക്കുറിച്ച് കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യും.

വെബ്ദുനിയ വായിക്കുക