സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് വിഎസ്; യെച്ചൂരി മയപ്പെട്ടപ്പോള്‍ ഉടക്കുമായി കാരാട്ട് രംഗത്ത് - രക്ഷപ്പെട്ടത് ജയരാജനും ശ്രീമതിയും

ഞായര്‍, 8 ജനുവരി 2017 (11:51 IST)
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗത്വം വേണമെന്ന് മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദൻ. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ഇന്നു രാവിലെ നടത്തിയ സന്ദര്‍ശനത്തിലാണ് വിഎസ് ഇക്കാര്യം ആവശ്യപ്പെട്ടത്.

യെച്ചൂരി ആവശ്യപ്പെട്ട പ്രകാരമായിരുന്നു കേന്ദ്രകമ്മിറ്റി നടക്കുന്ന ഹോട്ടലില്‍ വിഎസ് എത്തിയത്. ഈ കൂടിക്കാഴ്‌ചയിലാണ് അദ്ദേഹം തന്റെ ആഗ്രഹം ജനറൽ സെക്രട്ടറിയെ അറിയിച്ചത്. കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മടങ്ങിയ വിഎസ് കേന്ദ്രകമ്മിറ്റിയില്‍ പങ്കെടുക്കുന്നതിനായി വീണ്ടും എത്തിച്ചേര്‍ന്നിട്ടുണ്ട്.

വിഎസിനെതിരായ അച്ചടക്കനടപടിയിൽ പിബി കമ്മീഷൻ റിപ്പോർട്ട് പരിഗണിക്കാനിരിക്കെയാണ് കൂടിക്കാഴ്ച.

അതേസമയം, വിഎസിന്റെ ഘടകം തീരുമാനിക്കുന്നതിൽ കേന്ദ്രനേതൃത്വത്തിൽ ഭിന്നത ഉടലെടുത്തു. വിഎസിനെതിരായ പിബി കമ്മിഷൻ റിപ്പോർട്ടിൽ കേന്ദ്ര കമ്മിറ്റി തീരുമാനമെടുക്കും. വിഎസിനെതിരെ നടപടി വേണ്ടെ എന്നാണ് യെച്ചൂരി ഉൾപ്പെടെയുള്ളവരുടെ നിലപാട് ഒരുഭാഗത്ത്.

അച്ചടക്കലംഘനം കണ്ടെത്തിയ സാഹചര്യത്തിൽ ചെറുതെങ്കിലും നടപടി വേണമെന്ന പ്രകാശ് കാരാട്ട് ഉൾപ്പെടെയുള്ളവരുടെ നിലപാട് മറുഭാഗത്ത്. ഈ സാഹചര്യത്തില്‍ സമവായത്തിലൂടെ പിബി കമ്മിഷന്റെ പ്രവർത്തനം അവസാനിപ്പിക്കുകയാണു നേതൃത്വത്തിന്റെ ലക്ഷ്യം.

വിഭാഗീയതയുമായി ബന്ധപ്പെട്ട് വിഎസിനെതിരെ മൂന്നുവര്‍ഷത്തോളമായി ഉയര്‍ന്നിരുന്ന പരാതികളാണ് പിബി കമ്മീഷനിലുളളത്. അതേസമയം, ഇപി ജയരാജനും പികെ ശ്രീമതിയും ഉൾപ്പെട്ട ബന്ധുനിയമനവിവാദം കേന്ദ്രകമ്മിറ്റി ചർച്ച ചെയ്യില്ലെന്നാണു സൂചന. മറിച്ച് ആരോപണത്തെക്കുറിച്ചു പാർട്ടി അന്വേഷണം നടത്തിയേക്കും.

വെബ്ദുനിയ വായിക്കുക