ഇതൊരു ഒളിച്ചോട്ടം, തറവാടിത്തത്തിന് ചേർന്ന നടപടിയല്ല; ബാർ കോഴ് കേസിൽ നഷ്ടം സഹിക്കേണ്ടി വന്നു, മാണിക്കെതിരെ രൂക്ഷ വിമർശനവുമായി സുധീരൻ
കോൺഗ്രസിൽ നിന്നും വിടാൻ ആദ്യം തീരുമാനിക്കുക പിന്നീട് കാരണം കണ്ടെത്തുക എന്ന നിലപാടാണ് കേരള കോൺഗ്രസ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ. യു ഡി എഫിൽ നിന്നും കേരള കോൺഗ്രസ് പടിയിറങ്ങുന്നുവെന്ന കെ എം മാണിയുടെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്ന സാഹചര്യത്തിൽ ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് സുധീരൻ നിലപാട് വ്യക്തമാക്കിയത്.
ബാർ കോഴ കേസിൽ കോൺഗ്രസിന് വലിയ നഷ്ടം സഹിക്കേണ്ടി വന്നു. എങ്കിലും മആണിയെ തള്ളിപ്പറയാതെ അവർക്കാവശ്യമായ സഹായം ചെയ്യുകയാണ് ചെയ്തതെന്നും സുധീരൻ വ്യക്തമാക്കി. കോൺഗ്രസിന് ഭിന്നിപ്പിക്കാനോ തകർക്കാനോ ആരെങ്കിലും ശ്രമിച്ചാൽ അതു നടക്കില്ല. എന്നും എപ്പോഴും കോൺഗ്രസ് ഒറ്റക്കെട്ടായി നിൽക്കുമെന്നും സുധീരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരള കോൺഗ്രസിനെ ദുർബലപ്പെടുത്താൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും ശക്തിപ്പെടുത്താനാൺ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയത്തിൽ, അധികാരത്തിൽ ഒന്നിച്ച് ആഹ്ലാദിക്കുന്നത് പോലെ പരാജയത്തിലും പതറാതെ ഒന്നിച്ച് നിൽക്കാനുള്ള സാമാന്യ മര്യാദ പ്രകടിപ്പിക്കേണ്ടതായിരുന്നുവെന്ന് സുധീരൻ കുറ്റപ്പെടുത്തി. വർഗീയ ശക്തികളായ ബി ജെ പിയും അക്രമ രാഷ്ട്രീയത്തിന്റെ വാക്താവായ സി പി എമ്മും ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുമ്പോൾ അതിനെ ചെറുക്കാതെ അതിൽ നിന്നും ഒളിച്ചോടുന്നത് രാഷ്ട്രീയത്തീയ തറവാടിത്തത്തിന് ചേർന്ന നടപടിയായി ആരും കാണുന്നില്ല. കേരള കോൺഗ്രസിനോട് നീതി പുലർത്തുകയാണ് കോൺഗ്രസ് ചെയ്തതെന്നും സുധീരൻ വ്യക്തമാക്കി.