വിഴിഞ്ഞം: കരണ്‍ അദാനി തിങ്കളാഴ്ച എത്തും

Webdunia
ശനി, 18 ജൂലൈ 2015 (09:23 IST)
വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ചുള്ള അന്തിമ തീരുമാനങ്ങള്‍ക്കായി ഗൌതം അദാനിയുടെ മകന്‍ കരണ്‍ അദാനി തിങ്കളാഴ്ച തലസ്ഥാനത്തെത്തും. അദാനി പോര്‍ട്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് കരണ്‍. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ നിര്‍മാണവും നടത്തിപ്പും അദാനി പോര്‍ട്സ് ആണ് ഏറ്റെടുത്തിരിക്കുന്നത്.
 
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സംഘം നിയമസഭയില്‍ എത്തും. തുടര്‍ന്ന്, മുഖ്യമന്ത്രിയുടെ ചേംബറില്‍ അദ്ദേഹവുമായി സംഘം കൂടിക്കാഴ്ച നടത്തും. വിഴിഞ്ഞം പദ്ധതി ഒപ്പു വെയ്ക്കുന്നതിനുള്ള തിയതി, നിര്‍മ്മാണം ആരംഭിക്കുന്ന സമയം എന്നിവ സംബന്ധിച്ച് കൂടിക്കാഴ്ചയില്‍ തീരുമാനം ഉണ്ടായേക്കും.
 
മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി കെ ബാബു, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, തുറമുഖ വകുപ്പ് സെക്രട്ടറി ജയിംസ് വര്‍ഗീസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും. കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കുന്നതിനുള്ള കരട് വിജ്ഞാപനത്തില്‍ വിഴിഞ്ഞത്തെ നിര്‍ദ്ദിഷ്ട തുറമുഖത്തെ ഉള്‍പ്പെടുത്താത്ത സാഹചര്യത്തില്‍ കബോട്ടാഷ് നിയമത്തില്‍ ഇളവ് ലഭിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യും.