വിസ്മയയുടെ മരണം കൊലപാതകമാണെന്ന സംശയത്തില്‍ ഉറച്ചുനില്‍ക്കുകയാണ് വിസ്മയയുടെ കുടുംബം. കൊലപാതകമാണെന്നതില്‍ ഉറച്ചുനില്‍ക്കുന്നതായും വിസ്മയയുടെ ഭര്‍ത്താവിന് കടുത്ത ശിക്ഷ ലഭിക്കണമെന്നും വിസ്മയയുടെ സഹോദരന്‍ ആവശ്യപ്പെട്ടു. 'ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ഞാനാണ് പോയത്. കെട്ടിത്തൂങ്ങി മരിച്ചാല്‍ കഴുത്തിന്റെ മുകള്‍ഭാഗത്ത് ടൈറ്റാകും. അവിടെ മുറിപ്പാട് കാണും. എന്നാല്‍, വിസ്മയയുടെ കഴുത്തില്‍ അങ്ങനെ ഉണ്ടായിരുന്നില്ല. കഴുത്തിന്റെ താഴെയാണ് മുറിപ്പാട് കണ്ടത്. കഴുത്തിന് താഴെ കറുത്ത പാടുണ്ട്. തൊണ്ട ടൈറ്റാകുമ്പോള്‍ ദേഹത്ത് ബലംപ്രയോഗിക്കാന്‍ സാധ്യതയില്ലേ? തുടയില്‍ മാന്തും. കാലും കൈയും മടങ്ങിയേക്കാം. ഇത്തരം ലക്ഷണങ്ങളൊന്നും വിസ്മയയുടെ ശരീരത്തിലില്ല. കൈ കൃത്യമായി തന്നെ കിടക്കുന്നു. കാല് മടങ്ങിയിട്ടില്ല. ശരീരത്തില്‍ വേറൊരു പ്രശ്‌നവും തോന്നുന്നില്ല,' വിജിത്ത് പറഞ്ഞു.
കിരണിന്റെ വീട്ടില്‍ നിന്ന് പുലര്‍ച്ചെയാണ് ഫോണ്‍ വരുന്നത്. വിസ്മയ ആശുപത്രിയിലാണെന്ന് അവര്‍ പറഞ്ഞു. പിന്നീട് ആശുപത്രിയിലേക്ക് വിളിച്ചപ്പോള്‍ വിസ്മയ മരിച്ചെന്നാണ് കേള്‍ക്കുന്നത്. വിസ്മയയെ രണ്ടോ മൂന്നോ മണിക്കൂര്‍ കഴിഞ്ഞാണ് ആശുപത്രിയിലെത്തിക്കുന്നത്. കിരണിന്റെ വീട്ടില്‍ നിന്ന് 15 മിനിറ്റ് ദൂരമേ ഉള്ളൂ. എന്നിട്ടും രണ്ട് മണിക്കൂര്‍ വൈകിയത് എന്തുകൊണ്ടാണ്? ഇതില്‍ ദുരൂഹതയുണ്ടെന്നും വിസ്മയയുടെ വീട്ടുകാര്‍ ആരോപിച്ചു.