പാറ്റൂര്‍ ഭൂമി കയ്യേറ്റം; ഉമ്മന്‍ചാണ്ടി ജയിലിലേക്ക് ?!

ശനി, 18 ഫെബ്രുവരി 2017 (16:20 IST)
പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ എന്നിവരടക്കം അഞ്ച് പേരെ പ്രതികളാക്കി വിജിലന്‍സ് കേസെടുത്തു. വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ചാണ്ടിയെയും പ്രതിചേര്‍ക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയത്. പാറ്റൂര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിലെ എല്ലാ രേഖകളും റിപ്പോര്‍ട്ടുകളും പരിഗണിച്ച ശേഷമാണ് നടപടി. 
 
നേരത്തെ, കേസിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനും കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനും വിജിലന്‍സിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേസില്‍ ദ്രുതപരിശോധന നടന്നു വരുകയാണെന്നും കേസുമായി ബന്ധപ്പെട്ട ചില രേഖകള്‍ ലോകായുക്തയുടെ കൈവശമാണെന്നും അതിനാലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകുന്നതെന്നുമാണ് ഇതിന് വിജിലന്‍ നല്‍കിയ വിശദീകരണം.
 
പാറ്റൂരില്‍ 31 സെന്റ് സര്‍ക്കാര്‍ ഭൂമിയാണ് സ്വകാര്യ വ്യക്തി കൈയേറി ഫ്ലാറ്റ് നിര്‍മ്മിച്ചതെന്നായിരുന്നു ആരോപണം. പാറ്റൂരിലെ ജല അതോറിറ്റിയുടെ ഭൂമിയാണ് ഫ്ലാറ്റ് നിര്‍മ്മാണ കമ്പനി കയ്യേറിയതെന്നാണ് കേസ്.
ഇതിനു വേണ്ടി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചീഫ് സെക്രട്ടറി ഭരത് ഭൂഷണും വഴിവിട്ട സഹായം ചെയ്തുവെന്ന് ആരോപിച്ചാണ് വിഎസ് അച്യുതാനന്ദന്‍ വിജിലന്‍സില്‍ പരാതി നല്‍കിയത്.

വെബ്ദുനിയ വായിക്കുക