‘ബിഷപ്പിനെ പാപിയാക്കി കന്യാസ്ത്രീയെ മാലാഖയാക്കരുത്, 1200 കോടി രൂപയുടെ കുട്ടനാട് പാക്കേജിൽ പലരും കൈയിട്ട് വാരി’: വെള്ളാപ്പള്ളി

ശനി, 4 ഓഗസ്റ്റ് 2018 (12:51 IST)
1200 കോടി രൂപ ചെലവഴിപ്പിച്ച കുട്ടനാട് പാക്കേജിൽ പലരും കൈയിട്ടുവാരിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രളയം കുട്ടനാട്ടിലെ ജനങ്ങളുടെ ദുരവസ്ഥ വെളിച്ചത്ത് കൊണ്ടുവന്നിരിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. 
 
കുട്ടനാട്ടിലെ ജനങ്ങളില്‍ 90 ശതമാനവും പിന്നാക്കക്കാരും ദളിതരുമടങ്ങുന്ന അടിസ്ഥാന ജനവിഭാഗങ്ങളാണ്. പണമുള്ള മറ്റു പലരും പണ്ടേ നഗരങ്ങളില്‍ ചേക്കേറി. വെള്ളം ഒരുപാടുണ്ടായിട്ടും കുടിക്കാനും കുളിക്കാനുമില്ല. മരിച്ചാല്‍ സംസ്‌കരിക്കാന്‍ ശ്മശാനങ്ങളില്ല. മഴക്കാലമായാല്‍ മൃതദേഹങ്ങള്‍ വാഴപ്പിണ്ടിയുടെ പുറത്തു ദഹിപ്പിക്കേണ്ടിവരുന്നവരുടെ വികാരങ്ങള്‍ തിരിച്ചറിയാന്‍ ഭരണാധികാരികള്‍ക്കാകണമെന്നും വെള്ളാപ്പള്ളി മംഗളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി.
 
വൈദികര്‍ക്കെതിരായി അടുത്തിടെ ഉയര്‍ന്ന ആരോപണങ്ങളിലും വെള്ളാപ്പള്ളി തന്റെ നിലപാടുകൾ തുറന്നു പറഞ്ഞു. ഈ സംഭവങ്ങള്‍ക്കു പിന്നില്‍ ബ്ലാക്ക് മെയിലിങ്ങാണെന്ന് ആരെങ്കിലും ആരോപിച്ചാല്‍ നിഷേധിക്കാതിരിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നാണ് വെള്ളാപ്പള്ളിയുടെ പക്ഷം.
 
ബിഷപ്പിനെ പാപിയാക്കി കന്യാസ്ത്രീ മാലാഖയാകരുത്. പല തവണ പീഡനത്തിനിരയായെന്ന് ഇപ്പോള്‍ പറയുന്നവര്‍ എന്തുകൊണ്ട് ആദ്യം പോലീസില്‍ പരാതി നല്‍കിയില്ല എന്നും വെള്ളാപ്പള്ളി ചോദിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍