സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ വാഹന പരിശോധന കര്‍ശനമാക്കും; പിഴ ഈടാക്കില്ല, കോടതിക്ക് കൈമാറും
വാഹന പരിശോധന വ്യാഴാഴ്ച മുതല്‍ പുനഃരാരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ചട്ടലംഘനങ്ങൾക്ക് ഉയർന്ന പിഴ ഈടാക്കില്ലെന്നും, ചട്ടലംഘനങ്ങളുടെ വിശദാംശങ്ങൾ കോടതിയെ അറിയിക്കുക മാത്രമേ ചെയ്യൂ എന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.
വാഹന പരിശോധന ആരംഭിക്കുന്നതിനൊപ്പം ബോധവല്‍ക്കരണവും ശക്തമാക്കും. പിഴ ഈടാക്കുന്നത് സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഗതാഗത നിയമലംഘനം നടത്തുന്ന കേസുകള്‍ക്ക് പിഴ ചുമത്താതെ കോടതിക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഓണാഘോഷം അവസാനിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുമായി ഗതാഗതമന്ത്രി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന വീണ്ടും ആരംഭിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് പിഴ നിശ്ചയിക്കാനുള്ള അധികാരം നല്‍കികൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തിനായി കാത്തിരിക്കുകയാണ് സര്‍ക്കാര്‍.