മകള്‍ വീണ വിജയന് ക്രമവിരുദ്ധമായി മാസപ്പടി ലഭിച്ചെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട കമ്പനിയില്‍ നിന്നാണ് മാസപ്പടിയിനത്തില്‍ വീണ വിജയന് പണം ലഭിച്ചത്. ഇത് എന്തിന്റെ പശ്ചാത്തലത്തിലാണെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുള്ളതായി മാത്യു കുഴല്‍നാടന്‍ പറയുന്നു.
വീണ വിജയന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 1.72 കോടി നല്‍കി എന്നാണ് പുറത്തുവരുന്ന ആരോപണം. സേവനം നല്‍കാതെ പണം നല്‍കിയെന്നാണ് വിവാദമായ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ നേരിട്ട് ഒരു സ്വകാര്യ കരിമണല്‍ കമ്പനിയില്‍ നിന്നും പണം വാങ്ങിയെന്നതിന്റെ രേഖകളാണ് പുറത്തുവന്നത്. ഇത് നിയമവിരുദ്ധമായ ഇടപാടാണെന്ന് ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡ് കണ്ടെത്തിയതോടെ ഇതിനെ ആരോപണമെന്ന പേരില്‍ നിഷേധിക്കാനാവില്ലെന്ന് മാത്യു കുഴല്‍നാടന്‍ പറയുന്നു.