തിങ്കളാഴ്ച രാവിലെ എറണാകുളത്തുനിന്നാണ് പാമ്പിനെ പിടികൂടാന്‍ വാവ സുരേഷ് കോട്ടയത്ത് എത്തിയത്. കുറിച്ചി പട്ടാശ്ശേരിയില്‍ വാണിയപ്പുരയ്ക്കല്‍ ജലധരന്റെ വീട്ടില്‍ നിന്നാണ് വാവ സുരേഷ് പാമ്പിനെ പിടികൂടിയത്. മൂര്‍ഖനെ പിടിച്ച് ചാക്കില്‍ കയറ്റുന്നതിനിടെ സുരേഷിന്റെ തുടയില്‍ പാമ്പ് കടിക്കുകയായിരുന്നു. പിടികൂടിയ മൂര്‍ഖനെ ചാക്കിലേക്ക് മാറ്റുന്നതിനിടെ തിരിഞ്ഞു കടിക്കുകയായിരുന്നു. തുടര്‍ന്ന് കോട്ടയത്തെ ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചു.
തുടയില്‍ കടിച്ച പാമ്പ് അല്‍പ്പ നിമിഷം പിടിവിടാതെ നിന്നു. ഇതാണ് കൂടുതല്‍ വിഷം ശരീരത്തില്‍ പ്രവേശിക്കാന്‍ കാരണം. കടി വിടാതിരുന്ന പാമ്പിനെ സുരേഷ് ബലമായാണ് വലിച്ചുമാറ്റിയത്. നിലത്തുവീണ പാമ്പ് കല്‍ക്കെട്ടിനകത്തേക്കു ഇഴഞ്ഞു പോയെങ്കിലും വീണ്ടും പിടികൂടി ചാക്കിലാക്കി. അസ്വസ്ഥത അനുഭവപ്പെട്ടതോടെ തന്നെ ആശുപത്രിയില്‍ എത്തിക്കണമെന്ന് വാവ സുരേഷ് തന്നെ ആവശ്യപ്പെടുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സുരേഷ് ബോധരഹിതനായി. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ആന്റിവെനം നല്‍കുകയായിരുന്നു.