വളാഞ്ചേരി കൊലപാതകം: പ്രതി പിടിയില്‍, കൊലപാതകത്തില്‍ വിനോദിന്റെ ഭാര്യ ജ്യോതിക്ക് പങ്കെന്ന് സൂചന
ശനി, 10 ഒക്‌ടോബര്‍ 2015 (08:51 IST)
വളാഞ്ചേരി ഗ്യാസ് ഏജന്‍സി ഉടമയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പൊലീസ് പിടിയിലായി. ഇന്ന് പുലര്‍ച്ചെ എറണാകുളത്ത് വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കൊല്ലപ്പെട്ട കുറ്റിക്കാടന്‍ വിനോദ്കുമാറിന്റെ കുടുംബ സുഹൃത്തായ യൂസഫാണ് പിടിയിലായത്. വിനോദിന്റെ ഭാര്യ ജ്യോതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. തെളിവെടുപ്പിനായി പ്രതിയെ പെരിന്തല്‍മണ്ണ ആശുപത്രിയിലത്തെിക്കും.
വിനോദിനു മറ്റൊരു സ്ത്രീയുമായുള്ള ബന്ധമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് നിഗമനം. കൂടാതെ ജ്യോതി യൂസഫിനു ഫ്ളാറ്റ് വാഗ്ദാനം ചെയ്തിരുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആശുപത്രിയില്‍ കഴിയുന്ന ജ്യോതിയെ ഉടന്‍ അറസ്‌റ്റ് ചെയ്യും. കൊലപാത ശ്രമത്തിനിടെ ഗുരുതര മുറിവുകള്‍ ഏറ്റ ഇവര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ്.
വളാഞ്ചേരി ആലിന്‍ചുവട്ടിലെ രാഹുല്‍ ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സി ഉടമ എറണാകുളം ഇടപ്പള്ളി എളമക്കര കുറ്റിക്കാടന്‍ വിനോദ് കുമാറിനെ (54) വെണ്ടല്ലൂരില്‍ വെള്ളിയാഴ്ചയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയത്. ജ്യോതി വെട്ടേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു. ഡൈനിങ് ഹാളിലാണ് ഇവരുണ്ടായിരുന്നത്. അടുത്ത മുറിയില്‍ ദേഹമാസകലം വെട്ടേറ്റ് മരിച്ച നിലയില്‍ കട്ടിലിനും ചുമരിനുമിടയിലാണ് വിനോദ് കിടന്നിരുന്നത്.