ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് താലപ്പൊലി കാണാൻ പോയ യുവാവ് എങ്ങനെ വാഗമണ്ണിലെത്തി ?; മൃതദേഹം കണ്ടെത്തിയത് ആയിരക്കണക്കിന് അടി താഴ്ചയില്‍ - ദുരൂഹതകള്‍ നിറച്ച് അരുണിന്റെ മരണം
വ്യാഴാഴ്ച രാത്രി എട്ടോടെ ഉദയംപേരൂർ നടക്കാവ് ക്ഷേത്രത്തിൽ താലപ്പൊലിക്ക് പോകുകയാണെന്നും ഇപ്പോള്‍ തന്നെ മടങ്ങിയെത്തുമെന്നും അരുണ്‍ വ്യക്തമാക്കിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. പിന്നീട് എങ്ങനെയാണ് അരുണ്‍ വാഗമണ്ണില്‍ എത്തിയതെന്ന് അറിയില്ല. ബൈക്കില്‍ യാത്ര ചെയ്യുന്നതില്‍ താല്‍പ്പര്യമുള്ള അരുണ്‍ പലതവണ അരുണ്‍ വാഗമണിൽ പോയിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.
അധികം സംസാരിക്കുന്ന പ്രകൃതക്കാരനല്ലാത്ത അരുണ്‍, കൂട്ടുകൂടി നടക്കാറില്ലെന്നും ജിമ്മിൽ പോകുന്നത് മാത്രമാണ് ഏക വിനോദമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. അരുണ്‍ ജോലി ചെയ്തിരുന്ന ഓഫീസില്‍ യാതൊരു പ്രശ്നവുമില്ലായിരുന്നുവെന്ന്
കമ്പനി അധികൃതര്‍ പറഞ്ഞു.
അരുണ്‍ എങ്ങനെ വാഗമണ്ണില്‍ എത്തിയെന്നോ, ആരെങ്കിലും ഒപ്പമുണ്ടായിരുന്നോ എന്നതില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. അരുണിന്റെ കൈയിൽ നിന്നോ വീട്ടിൽ നിന്നോ ആത്മഹത്യാ കുറിപ്പും ലഭിച്ചിട്ടില്ല. പ്രാഥമിക
പരിശോധനയിൽ പൊലീസിന് ഒന്നും കണ്ടെത്താന്‍ സാധിക്കാത്തതും മരണത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നു.
വെള്ളിയാഴ്ച വൈകുന്നേരമാണു വാഗമണ്ണിൽ വ്യൂ പോയിന്റിലെ പാർക്കിംഗ് ഗ്രൗണ്ടിൽ അരുണിന്റെ ബൈക്ക് കണ്ടെത്തിയത്. തുടര്‍ന്ന് ഗാര്‍ഡ് വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ തെരച്ചിലിലാണു കൊക്കയിൽനിന്നു മൃതദേഹം ലഭിച്ചത്.