നേമത്ത് കാലുകുത്തിക്കില്ലെന്ന് ബിജെപി നേതാവ് വി.വി.രാജേഷ്; ഒടുവില്‍ ശിവന്‍കുട്ടിയെത്തി, ചായയും കുടിച്ച് പ്രസംഗിച്ച ശേഷം മടങ്ങി

ചൊവ്വ, 3 ഓഗസ്റ്റ് 2021 (10:30 IST)
നേമം മണ്ഡലത്തില്‍ കാലുകുത്തിക്കില്ലെന്ന ബിജെപി നേതാവ് വി.വി.രാജേഷിന്റെ പ്രസ്താവനയ്ക്ക് കലക്കന്‍ മറുപടിയുമായി മന്ത്രി വി.ശിവന്‍കുട്ടി. നേമം എംഎല്‍എ കൂടിയായ ശിവന്‍കുട്ടി പൊതു പരിപാടിയില്‍ പങ്കെടുത്ത് ചായ കുടിച്ച ശേഷമാണ് മടങ്ങിയത്. പ്രസംഗത്തില്‍ രാജേഷിനുള്ള മറുപടിയും മന്ത്രി ശിവന്‍കുട്ടി നല്‍കി. വി.വി.രാജേഷ് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട വാര്‍ഡില്‍ ചെന്ന് ഒരു പരിപാടിയില്‍ പങ്കെടുത്ത് ഒരു ചായയും കുടിച്ച് മടങ്ങിയെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നേമം മണ്ഡലത്തിന്റെ ഭാഗമായ പൂജപ്പുരയില്‍ എല്‍ഡിഎഫ് മേഖലാ കമ്മറ്റി സംഘടിപ്പിച്ച വിദ്യാര്‍ഥികള്‍ക്കുള്ള പഠന സഹായ വിതരണത്തിലാണ് മന്ത്രി പങ്കെടുത്തത്. ഉദ്ഘാടന പ്രസംഗത്തിന്റെ ഒരു ഭാഗവും മന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

ശിവന്‍കുട്ടിയുടെ പ്രസംഗത്തില്‍ നിന്ന് 
 
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായ എന്നെ നേമം മണ്ഡലത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ല എന്നാണ് ബിജെപി നേതാവ് വി വി രാജേഷ് വെല്ലുവിളിച്ചത്. രാജേഷ് തിരുവനന്തപുരം കോര്‍പറേഷനിലേക്ക് മത്സരിച്ചു ജയിച്ച പൂജപ്പുര വാര്‍ഡ് സ്ഥിതി ചെയ്യുന്നത് നേമം മണ്ഡലത്തിലാണ്. എല്‍ഡിഎഫ് പൂജപ്പുര മേഖലാ കമ്മിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ഉള്ള മൊബൈല്‍ വിതരണം ചെയ്യുന്ന പരിപാടി പൂജപ്പുരയില്‍ ഉദ്ഘാടനം ചെയ്തു.
 


ഒരു ജനപ്രതിനിധിയെ മണ്ഡലത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ല എന്ന് പറഞ്ഞത് ജനാധിപത്യ വിരുദ്ധമാണ്. വി.വി.രാജേഷിനോട് എല്‍ഡിഎഫ് ഇങ്ങനൊരു വെല്ലുവിളി നടത്തുന്നില്ല. അതല്ല എല്‍ഡിഎഫിന്റെ സംസ്‌കാരം. പരിപാടി കഴിഞ്ഞ് ഒരു ചായയും കുടിച്ചാണ് മടങ്ങിയത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍