വിശാല ഹിന്ദു ഐക്യം; സുകുമാരന്‍ നായരുടെ നിലപാട് ദൌര്‍ഭാഗ്യകരം: വി മുരളീധരന്‍

Webdunia
ശനി, 24 ഒക്‌ടോബര്‍ 2015 (17:54 IST)
വിശാല ഹിന്ദു ഐക്യത്തിനെതിരെയുള്ള എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ നിലപാട് ദൗർഭാഗ്യകരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വി. മുരളീധരൻ. കടുത്ത അവഗണനയെ തുടർന്നു കേരളത്തിലെ നായർ വിഭാഗം ഉൾപ്പെടെയുള്ള പൊതുസമൂഹം ഹൈന്ദവ ഐക്യത്തെക്കുറിച്ച് ആഗ്രഹിക്കുന്നു. ഹിന്ദു ഐക്യം കേരളത്തിലെ ജനങ്ങളുടെ ആവശ്യമാണ്. പക്ഷേ ഇതിനെതിരെ സുകുമാരൻ നായർ പഞ്ഞിട്ടുണ്ടെങ്കിൽ കഷ്ടമായിപ്പോയതായും മുരളീധരന്‍ പറഞ്ഞു.

വിശാല ഹിന്ദു ഐക്യം വ്യക്തിയുടേതല്ല. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനല്ല ഇത് ആദ്യം പറഞ്ഞത്. 1980 ഏപ്രിലിൽ എറണാകുളത്ത് വച്ച് സ്വാമി ചിൻമയാനന്ദനാണ് ഈ ആശയം മുന്നോട്ടു വച്ചത്. സ്വന്തമായി പാർട്ടി വേണ്ടെന്നതു സംബന്ധിച്ച തീരുമാനമെടുക്കാൻ എൻഎസ്എസിന് അവകാശമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

കെ രാമൻപിള്ള ബിജെപിക്കാരനല്ല. പികെ കൃഷ്ണദാസ് പ്രസിഡന്റായതിൽ പ്രതിഷേധിച്ച് രാജിവച്ചയാളാണു രാമൻപിള്ള. പാർട്ടിയുടെ പുതിയ രീതികളെക്കുറിച്ച് രാമൻ പിള്ളയ്ക്ക് അറിയില്ല. ബിജെപിയിൽ നേതൃ ദാരിദ്ര്യമില്ല. എല്ലാവരെയും പാർട്ടിയിലേക്കു സ്വാഗതം ചെയ്യുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യങ്ങൾ പരിഗണിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ മണിയടിക്കാരനാണെന്നും മണിയടിച്ചാണു സ്ഥാനമാനങ്ങൾ നേടിയതെന്നുമുള്ള രാമൻ പിള്ളയുടെ ആരോപണത്തോടു പ്രതികരിക്കുന്നില്ല.

എസ്എൻഡിപിയുടെ മൈക്രോ ഫിനാൻസ് ഇടപാടുകളിൽ തട്ടിപ്പു നടന്നിട്ടുണ്ടെങ്കിൽ നിയമത്തിന്റെ വഴിയിലൂടെ അന്വേഷിക്കണം. കാര്യങ്ങൾ മനസിലാക്കാതെയാണു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ വെള്ളാപ്പള്ളി നടേശനെതിരെ പ്രസ്താവന നടത്തുന്നത്. മൈക്രോ ഫിനാ‍ൻസ് വിവാദങ്ങളുടെ പേരിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കാൻ കഴിയില്ലെന്നും മുരളീധരൻ പറഞ്ഞു.