ഉത്തരം മുട്ടിയപ്പോള്‍ ഒളിച്ചോടിയ മുഖ്യമന്ത്രിക്ക് കിട്ടേണ്ടത് കിട്ടി; ഉമ്മന്‍ ചാണ്ടി ഗോദ മാറി കയറിയെന്നും വിഎസ്
വെള്ളി, 29 ഏപ്രില്‍ 2016 (15:11 IST)
ഉത്തരം മുട്ടിയപ്പോള്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കിട്ടേണ്ടത് കിട്ടിയെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ച വി എസിനെതിരെ ഉമ്മന്‍ ചാണ്ടി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, കോടതികളെ രാഷ്‌ട്രീയക്കാരുടെ കളിക്കളമാക്കരുതെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. വി എസിനെതിരെ ഉമ്മൻചാണ്ടി സമർപ്പിച്ച മാനനഷ്‌ട ഹര്‍ജി പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ പരാമർശം.
കോടതി പരാമര്‍ശത്തെക്കുറിച്ചാണ് ഫേസ്‌ബുക്കിലാണ് വി എസ് പ്രതികരിച്ചത്. ഗോദമാറി കയറിയ ഉമ്മൻ ചാണ്ടി!! എന്ന തലക്കെട്ടില്‍ എഴുതിയ പോസ്റ്റില്‍ ചുരുക്കത്തിൽ ഉമ്മൻ ചാണ്ടി ഗോദ മാറി കയറിയെന്ന് പരിഹസിക്കുന്നുമുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ഒളിച്ചോടി മാളത്തിൽ ഒളിക്കാൻ ശ്രമിക്കുന്നത് രാഷ്‌ട്രീയ ഭീരുത്വമാണെന്ന് പറയുന്ന വി എസ് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് മടങ്ങി വരൂ എന്ന് ഉമ്മന്‍ ചാണ്ടിയെ ക്ഷണിക്കുന്നുമുണ്ട്.
വി എസ് അച്യുതാനന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
“ഗോദമാറി കയറിയ ഉമ്മൻ ചാണ്ടി!!
ഉത്തരം മുട്ടിയപ്പോൾ തിരഞ്ഞെടുപ്പ് ഗോദായിൽ നിന്നും ഒളിച്ചോടാൻ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കിട്ടേണ്ടത് കിട്ടി.
എനിക്കെതിരെ ഉമ്മൻ ചാണ്ടി ഫയൽ ചെയ്ത മാനനഷ്ട കേസ് ഇന്ന് തിരുവനന്തപുരം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടെ പരിഗണയ്ക്ക് വന്നു. തന്റെ മാനം ഉറപ്പിക്കുന്നതിനെക്കാൾ എന്റെ വായ് പൊത്തി പിടിക്കണമെന്നാണ് കോടതിയോട് അദ്ദേഹം ആവശ്യപ്പെട്ടത്. കോടതി ആ അവശ്യം കൈയ്യോടെ തള്ളി. കോടതിയെ രാഷ്ട്രീയ കളിക്കുള്ള വേദിയാക്കരുതെന്ന് രൂക്ഷ വിമർശനവും നടത്തി.
ചുരുക്കത്തിൽ ഉമ്മൻ ചാണ്ടി ഗോദ മാറി കയറി!
പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി, തിരഞ്ഞെടുപ്പ് ഗോദയിലേക്ക് മടങ്ങി വരൂ. ഒളിച്ചോടി മാളത്തിൽ ഒളിക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ ഭീരുത്വമാണ്. അതും ഈ തിരഞ്ഞെടുപ്പ് കാലത്ത്.
ഉത്തരം മുട്ടുംമ്പോൾ കൊഞ്ഞണം കാണിക്കുന്ന പോലെ താങ്കൾ കുറെ വെല്ലുവിളികൾ നടത്തിയിട്ടുണ്ട്. സന്തോഷത്തോടെ ഞാൻ അവയൊക്കെ ഏറ്റെടുക്കുന്നു. ഇവിടെ വിധികർത്താക്കൾ ജനങ്ങളാണ്. എന്നിട്ടും തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതോടെ താങ്കൾ ജനങ്ങളെ ഇങ്ങനെ ഭയപ്പെടുന്നത് എന്തിനാണ്? മാനമില്ലാത്തവന്റെ ഭീതിയാണ് അത്. പോർക്കളത്തിൽ നിന്ന് ഓടിയൊളിക്കാൻ ശ്രമിക്കുന്നവന്റെ ഭീതി.
കഴിഞ്ഞ അഞ്ചു കൊല്ലം മുഖ്യമന്ത്രിയായ അങ്ങും കൂട്ടാളികളും ചെയ്തു കൂട്ടിയ അഴിമതികളും അതിക്രമങ്ങളും തീമഴ പോലെ പെയ്തിറങ്ങിയ ഈ കേരള മണ്ണിൽ ജീവിക്കുന്ന ജനങ്ങളെ താങ്കൾ വല്ലാതെ ഭയപ്പെടുന്നു.
ഉമ്മൻ ചാണ്ടി, നിങ്ങളിൽ നിന്ന് ഒളിച്ചോടാൻ നിങ്ങൾക്ക് കഴിയില്ല. ജനങ്ങൾ അത് അനുവദിക്കില്ല."