ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മുഖത്ത് ചൂലു കൊണ്ടേറ്റ അടിയാണ് കോടതിവിധിയെന്ന് വി എസ്

തിങ്കള്‍, 9 നവം‌ബര്‍ 2015 (17:31 IST)
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മുഖത്ത് ചൂലു കൊണ്ടേറ്റ അടിയാണ് കോടതിവിധിയെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. മന്ത്രിസഭ മുഴുവന്‍ രാജി വെക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
മാണി മന്ത്രിസ്ഥാനത്ത് തുടരുന്നത് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കും എന്ന് ഹൈക്കോടതി പരാമര്‍ശിച്ച സാഹചര്യത്തില്‍ മാണി ഉടന്‍ രാജി വെച്ചൊഴിയണം. 'സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണ'മെന്ന് ഹൈക്കോടി പറഞ്ഞത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഉദ്ദേശിച്ചാണെന്നും വിഎസ് അഭിപ്രായപ്പെട്ടു.
 
നിയമസഭയ്ക്കകത്തും പുറത്തും മാണി വിശുദ്ധനാണെന്ന് പ്രഖാപിച്ച് മാണിക്ക് എല്ലാവിധ സഹായവും ഒത്താശയും ചെയ്തുകൊടുത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രാജി വെക്കണം. താന്‍ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് പറഞ്ഞ ഭരണപക്ഷത്തിന് ഏറ്റ കരണത്തടിയാണ് കോടതിയുടെ പരാമര്‍ശമെന്നും അദ്ദേഹം പറഞ്ഞു. 

വെബ്ദുനിയ വായിക്കുക