നിയമസഭ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുമെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. വിജയം സുനിശ്ചിതമാണെന്നും എല്ലാ ഭാഗത്തു നിന്നും അനുകൂലമായ റിപ്പോര്‍ട്ട് ആണ് വന്നു കൊണ്ടിരിക്കുന്നത്. യു ഡി എഫ് ഒറ്റക്കെട്ടായാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരാജയഭീതി തിരിച്ചറിഞ്ഞ സി പി എം അക്രമരാഷ്‌ട്രീയത്തിലേക്ക് കടന്നുവരുന്ന രീതിയാണ് കണ്ടുവരുന്നത്.
വടകരയില്‍ കെ കെ രമയ്ക്കു നേരെ അക്രമം നടത്തി അവരെ ശാരീരികമായി ഉപദ്രവിച്ചു. രമയ്ക്ക് എതിരെയുള്ള അക്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു വനിത സ്ഥാനാര്‍ത്ഥി ആക്രമിക്കപ്പെടുന്ന സ്ഥിതിവിശേഷം ഉണ്ടായിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ യു ഡി എഫിന്റെ നിരവധി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ഓഫീസിന് തീ വെച്ചു. പല ഭാഗത്തും യു ഡി എഫ് ഓഫീസുകള്‍ അക്രമിച്ചു. ഇപ്പോള്‍, നാദാപുരത്ത് വളയത്തിനടുത്ത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയിരിക്കുകയാണ്.
ബോംബ് നിര്‍മ്മാണത്തിനിടെ പരുക്കേറ്റയാള്‍ കഴിഞ്ഞയിടെ ഇവിടെ മരിച്ചിരുന്നു. കണ്ണൂര്‍ നാദാപുരം മേഖലകളില്‍ നേരത്തെയും ഇത്തരം നടപടികള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇക്കാര്യത്തില്‍ ആവശ്യമായുള്ള മുന്‍കരുതലുകള്‍ എത്രയും പെട്ടെന്ന് സ്വീകരിച്ചേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.