സൈനിക ക്യാമ്പിന്റെ പേരിൽ പച്ചക്കറി വെട്ടിച്ച ഉഡായിപ്പ് ഷമീം പിടിയിൽ

ഞായര്‍, 11 ഡിസം‌ബര്‍ 2022 (15:32 IST)
തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാംപിലെ കാന്റീൻ കരാറുകാരൻ എന്ന് വിശ്വസിപ്പിച്ചു തമിഴ്‌നാട്ടിലെ വ്യാപാരികളെ കബളിപ്പിച്ചു ലക്ഷക്കണക്കിന് രൂപയുടെ പച്ചക്കറി വെട്ടിപ്പ് നടത്തിയ ഉഡായിപ്പ് ഷമീം എന്ന ഷമീം (34) പോലീസ് പിടിയിലായി. കാസർകോട് സ്വദേശിയായ ഇയാൾ ഇത്തരത്തിൽ 35 ലക്ഷത്തോളം രൂപ വിലവരുന്ന 28 ലോഡ് പച്ചക്കറിയാണ് തട്ടിയെടുത്തത്.
 
ഈ പച്ചക്കറി ചാല ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കടകളിൽ വിറ്റു കാശാക്കുകയും ചെയ്തു. തിരുവനന്തപുരം തിരുമല എം.എസ്.പി നഗർ ആർമി റിക്രൂട്ട്മെന്റ് ഓഫീസിനു അടുത്തായിരുന്നു ഇയാൾ താമസിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ഒക്ടോബറിൽ നാഗർകോവിൽ സ്വദേശി സുന്ദരരാജിൽ നിന്ന് 25 ലക്ഷം രൂപയുടെയും റഫീക്കിൽ നിന്ന് പത്ത് ലക്ഷം രൂപയുടെയും പച്ചക്കറി വ്യാജ ഓർഡർ നൽകി പലപ്പോഴായി വാങ്ങി. എന്നാൽ ഇതെല്ലാം തന്നെ വ്യാജ ഓർഡറുകളായിരുന്നു.
 
വലിയ ലോറികളിൽ എത്തുന്ന പച്ചക്കറി റോഡരുകിൽ വച്ച് തന്നെ ഷമീമിന്റെ ചെറിയ വാഹനങ്ങളിലാക്കി ചാല, മരുതൻകുഴി, തിരുമല, മുടവൻമുകൾ എന്നിവിടങ്ങളിലെ കടകളിൽ മരിച്ചു വിട്ടിരുന്നു. ഇതിനൊപ്പമ ശാസ്തമംഗലം, ജഗതി എന്നിവിടങ്ങളിലെ എസ്.ബി.ഐ ശാഖകളിലെ പേ-ഇൻ സ്ലിപ്പുകളിൽ വ്യാജ സീൽ പതിപ്പിച്ചു വ്യാപാരികളുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ചിട്ടുണ്ടെന്നും കാട്ടിയുള്ള രസീത് ഫോൺ വഴി അയച്ചുകൊടുത്തു വിശ്വസിപ്പിക്കുകയും ചെയ്തു.
 
എന്നാൽ ഈ രസീത് കണ്ടശേഷം തങ്ങളുടെ അക്കൗണ്ടുകളിൽ പണം വരാത്തതിനെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയപ്പോഴേക്കും ഇയാൾ മുങ്ങി. തുടർന്നാണ് വ്യാപാരികൾ പൂജപ്പുര പോലീസിൽ പരാതി നൽകിയത്. ഡെപ്യൂട്ടി കമ്മീഷണർ അജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
 
റയിൽവേ റിക്രൂട്ട്മെന്റിലെ ചീഫ് എക്‌സാമിനർ എന്ന് പരിചയപ്പെടുത്തി 2018 ൽ മുന്നൂറോളം വിദ്യാർത്ഥികളെ കബളിപ്പിച്ചു കോടികൾ തട്ടിയെടുത്ത സംഭവത്തിൽ തമ്പാനൂർ, പൂജപ്പുര പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. സമാനമായ രീതിയിൽ 2015 ൽ തൊഴിൽ തട്ടിപ്പ് നടത്തി 37 ലക്ഷത്തോളം രൂപ വെട്ടിപ്പ് നടത്തിയതിനു കോട്ടയം ഈസ്റ്റ്, തൃശൂർ, അയ്യന്തോൾ, വയനാട് എന്നീ പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍