സംസ്ഥാനത്ത് പച്ചക്കറിവിലയിലുണ്ടായ വിലക്കയറ്റത്തിൽ വലഞ്ഞ് ഹോട്ടലുകൾ. ഒരു കിലോ ചെറിയ ഉള്ളിക്കും മുരിങ്ങാക്കായ്ക്കും 90 രൂപയാണ് വില. കാരറ്റിന് കിലോ 80ഉം ബീറ്റ്റൂട്ടിന് കിലോയ്ക്ക് 65 രൂപയും പച്ചമുളകിന് 60 രൂപയും നല്‍കണം. എന്നാല്‍, ചിലയിടങ്ങളില്‍ വില ഇതിലും കൂടും.
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ ലഭിച്ച അപ്രതീക്ഷിത മഴയാണ് പച്ചക്കറിവില ഉയരാൻ കാരണമായതെന്ന് പച്ചക്കറി വ്യാപാരികൾ പറയുന്നു. ഉപഭോക്തൃസംസ്ഥാനമായതിനാൽ തന്നെ സംസ്ഥാനത്തെ വീടുകളുടെ ബജറ്റും വിലക്കയറ്റത്തിൽ താളം തെറ്റിയിരിക്കുകയാണ്. നിത്യോപയോഗ സാധാാനങ്ങൾക്ക് വില ഉയർന്നതിനാൽ പ്രതിസന്ധിയിലാണ് ഹോട്ടലുകൾ. എങ്കിലും ഭക്ഷണങ്ങൾക്ക് നിലവിൽ വില വർദ്ധിപ്പിക്കേണ്ടതില്ലെന്നാണ് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷൻ്റെ തീരുമാനം.എങ്കിലും വില ഉയർത്താതെ കൂടുതൽ മുന്നോട്ട് പോകാനാകില്ലെന്നും അവർ പറയുന്നു.