പി വി അന്‍വറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന ഇറക്കിയതിന് പിന്നാലെ അന്‍വറിന് നല്‍കിയ പിന്തുണയില്‍ മാറ്റമില്ലെന്ന് അറിയിച്ച് സിപിഎം നേതാവും കായംകുളം എംഎല്‍എയുമായ യു പ്രതിഭ. അജിത് കുമാറിനെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നേരത്തെയും പ്രതിഭ പിന്തുണ അറിയിച്ചിരുന്നു. ഇപ്പോള്‍ പാര്‍ട്ടി അന്‍വറിനെ തള്ളിയിട്ടും പിന്തുണ മാറ്റേണ്ടതില്ലെന്ന തീരുമാനമാണ് പ്രതിഭ എടുത്തിരിക്കുന്നത്.
അന്‍വറിനെ ഇപ്പോഴും പിന്തുണയ്ക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പിന്തുണ അങ്ങനെ മാറ്റേണ്ട ഒന്നല്ല, ആജീവനാന്ത പിന്തുണയാണ് ഈ വിഷയത്തില്‍ അന്‍വറിന് നല്‍കിയിട്ടുള്ളതെന്ന് യു പ്രതിഭ പറഞ്ഞു. ശരിയായ കാര്യത്തിന് നല്‍കുന്ന പിന്തുണ ആജീവനാന്തമാണ്. അന്‍വറിന്റെ നിരീക്ഷണങ്ങള്‍ കൃത്യമാണ്. ഒരു വ്യക്തി സര്‍വീസില്‍ ഇരിക്കുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്തത് ചെയ്യുന്നെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടണം. എഡിജിപിയെ അന്വേഷണ വിധേയമായി മാറ്റിനിര്‍ത്തണം. അന്‍വറിന്റെ ധൈര്യത്തിന് പിന്തുണ നല്‍കേണ്ടതാണ്. പരാതികളുമായി പലയിടത്തും പോയപ്പോഴുണ്ടായ ദുരനുഭവങ്ങള്‍ അദ്ദേഹം പറഞ്ഞിരുന്നു. അതേ അനുഭവങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്. പ്രതിഭ പറഞ്ഞു.
സത്യം പറഞ്ഞവരെല്ലാം ഒറ്റപ്പെട്ടിട്ടേയുള്ളു. യേശു ക്രിസ്തുവും സോക്രട്ടീസുമെല്ലാം അങ്ങനെ ഒറ്റപ്പെട്ടവരാണ്. അന്‍വറിന് സിപിഎമ്മില്‍ ആരോടും പക തീര്‍ക്കേണ്ട കാര്യമില്ല. അന്‍വറിനെ ഒറ്റപ്പെടുത്തിയാല്‍ ഇനിയാരും ഇതുപോലുള്ള കാര്യങ്ങള്‍ വിളിച്ചുപറയാന്‍ ധൈര്യപ്പെടില്ല. അങ്ങനെ ഒരു അവസ്ഥയുണ്ടാകരുത്. എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ലഘുവായി കാണാനാവില്ല. സര്‍വീസില്‍ ഇരിക്കുമ്പോള്‍ പാലിക്കേണ്ട ചില അച്ചടക്കങ്ങളുണ്ട്. സുരേഷ് ഗോപി സിനിമ ഡയലോഗ് അടിക്കുന്നത് പോലെയല്ല ജീവിതം. ജനപ്രതിനിധികളായാലും മനുഷ്യര്‍ക്ക് വേണ്ടിയാണ് പണിയെടുക്കേണ്ടത്. യു പ്രതിഭ വ്യക്തമാക്കി.