ട്രോളിംഗ് നിരോധന വിഷയത്തില്‍ കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല: ബാബു

ചൊവ്വ, 2 ജൂണ്‍ 2015 (12:07 IST)
കേന്ദ്ര സർക്കാരിന്റെ ട്രോളിംഗ് നിരോധന വിഷയത്തില്‍ കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ലെന്ന് ഫിഷറീസ് മന്ത്രി കെ ബാബു. സര്‍ക്കാരിന്റെ നയം ഇതല്ല. എന്നാല്‍ ട്രോളിംഗ് കാലാവധി നീട്ടിയ വിഷയത്തില്‍ ശക്തമായ എതിര്‍പ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ട്രോളിംഗ് നിരോധനത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും. തീരസംരക്ഷണ സേന ഉദ്യോഗസ്ഥരും മറൈൻ എൻഫോഴ്സ്മെന്റ്, തീരദേശ പൊലീസ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. 

സംസ്ഥാന സര്‍ക്കാരിന് പരിമിതികളുണ്ട്. പരിമിതിക്കുള്ളില്‍ നിന്ന് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കും. ട്രോളിംഗ് കാലാവധി നീട്ടിയ വിഷയത്തില്‍ ശക്തമായ എതിര്‍പ്പുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനും 12 നോട്ടിക്കല്‍ മൈല്‍ വരെ മത്സ്യബന്ധന ബോട്ടിനും തടസ്സമില്ലെന്നും മന്ത്രി അറിയിച്ചു. ട്രോളിംഗ് നിരോധന പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചുചേര്‍ത്ത കോസ്റ്റ് ഗാര്‍ഡ്, നേവി ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 
 
തിങ്കളാഴ്‌ച മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനം ഏർപ്പെടുത്തണമെന്നാണു കേന്ദ്രസർക്കാരിന്റെ ഉത്തരവ്. എന്നാൽ, എല്ലാ വർഷത്തെയും പോലെ 47 ദിവസം മാത്രം ട്രോളിംഗ് നിരോധനം മതിയെന്ന നിലപാടാണു സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ജൂണ്‍ 15 മുതലാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം. 
 

വെബ്ദുനിയ വായിക്കുക