തദ്ദേശ തിരഞ്ഞെടുപ്പ്: വിജയാഹ്ലാദത്തിന് ആള്‍ക്കൂട്ടം പാടില്ല; വാഹന റാലികളും ഒഴിവാക്കണം

ശ്രീനു എസ്

ചൊവ്വ, 15 ഡിസം‌ബര്‍ 2020 (17:33 IST)
തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനത്തില്‍ വിജയാഹ്ലാദ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. 50ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ഒരു ആഘോഷ പരിപാടിയും പാടില്ല. ജാഥകളും വാഹന റാലികളും പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളും ഒഴിവാക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.
 
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ കാണിച്ച ശ്രദ്ധയും ജാഗ്രതയും വോട്ടെണ്ണല്‍ ദിനത്തിലും തുടരണമെന്നു കളക്ടര്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികളോട് അഭ്യര്‍ഥിച്ചു. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കു മുന്നില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം. സാമൂഹിക അകലം ഉറപ്പാക്കണം. വിജയികളായവരെ അനുമോദിക്കുമ്പോഴും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഹാരം, നോട്ടുമാല, ബൊക്കെ, ഷാള്‍ എന്നിവ നല്‍കിയുള്ള സ്വീകരണ പരിപാടികള്‍ ഒഴിവാക്കണം. പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുംവിധം വാദ്യോപകരണങ്ങള്‍, ഉച്ചഭാഷണി തുടങ്ങിയവ ഉപയോഗിച്ചുള്ള ആഹ്ലാദ പ്രകടനം നടത്തരുതെന്നും കളക്ടര്‍ പറഞ്ഞു.
 
വോട്ടെണ്ണലിനെത്തുന്ന സ്ഥാനാര്‍ഥികളും കൗണ്ടിങ് ഏജന്റുമാരും കര്‍ശന കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം.  സ്ഥാനാര്‍ഥിക്കും തെരഞ്ഞെടുപ്പ് ഏജന്റിനും പുറമേ ഒരു കൗണ്ടിങ് ഏജന്റിനെ മാത്രമേ വോട്ടെണ്ണലിന് ചുമതലപ്പെടുത്താനാവൂ.  ഇവര്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കൈയുറ, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്.  കൗണ്ടിങ് ഓഫിസര്‍മാരും കോവിഡ് പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നു കളക്ടര്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍