കൂട്ടില്‍ നിന്നും പെണ്‍കടുവ പുറത്തുചാടിയ സംഭവം: നെയ്യാര്‍ സഫാരി പാര്‍ക്കില്‍ ചികിത്സാകൂടുകള്‍ നവീകരിക്കുമെന്ന് വനംവകുപ്പ് മന്ത്രി

ശ്രീനു എസ്

തിങ്കള്‍, 2 നവം‌ബര്‍ 2020 (20:56 IST)
നെയ്യാര്‍ സഫാരി പാര്‍ക്കില്‍ മൃഗങ്ങളെ പാര്‍പ്പിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി നിര്‍മ്മിച്ചിരിക്കുന്ന കൂടുകള്‍ നവീകരിക്കുമെന്നും പുതിയ ചികിത്സാകൂട് നിര്‍മ്മിക്കുന്നകാര്യം പരിഗണിക്കുമെന്നും മന്ത്രി. അഡ്വ. കെ. രാജു പറഞ്ഞു. വയനാട്ടില്‍ നിന്നും ഇവിടെയെത്തിച്ച പെണ്‍കടുവ 
കൂട്ടില്‍ നിന്നും പുറത്തുചാടിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
നിലവിലുള്ള കൂടുകള്‍ ബലമുള്ളതാണെങ്കിലും പഴക്കമുള്ളവയാണ്. ആയതിനാല്‍ പഴയ കമ്പികളും വെല്‍ഡിങ്ങുകളും മാറ്റി പുതിയവ സ്ഥാപിക്കും. അത്യാധുനിക സംവിധാനങ്ങള്‍ ആവശ്യമെങ്കില്‍ അതിനുള്ള നടപടികളും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
മൃഗങ്ങളെ പാര്‍പ്പിക്കുന്ന സ്ഥലത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ സ്ഥാപിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്ക്  ഒരാഴ്ചയ്ക്കുള്ളില്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍