പ്രീ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വനിത ശിശു വികസന വകുപ്പ് രക്ഷിതാക്കളുടെ സഹായത്തോടെ സംസ്ഥാനത്തെ 4 ലക്ഷം പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് വീടുകളില്‍ കളര്‍ പോസ്റ്ററുകള്‍ എത്തിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 2 മുതല്‍ 6 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീട്ടില്‍ തന്നെ കഴിയേണ്ട സാഹചര്യത്തില്‍ വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സി-ഡിറ്റിന്റെ സഹകരണത്തോടെ വിക്ടേഴ്സ് ചാനല്‍ വഴി പ്രീ സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ 'കിളിക്കൊഞ്ചല്‍' എന്ന പേരില്‍ സംപ്രേഷണം ചെയ്തു വരുന്നു.
ഇത് 45 ഭാഗങ്ങളായി. ഇതിന്റെ തുടര്‍ച്ചയാണ് പരിശീലന പോസ്റ്ററുകള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. നിലവില്‍ തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട എന്നീ ജില്ലകളിലെ അങ്കണവാടികള്‍ മുഖേന പോസ്റ്ററുകള്‍ വിതരണം ചെയ്യാന്‍ തയ്യാറായിട്ടുണ്ട്. ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത കുട്ടികളുടെ വീടുകള്‍ക്ക് മുന്‍ഗണന നല്‍കി പോസ്റ്ററുകള്‍ എത്തിക്കുന്നതാണ്. തുടര്‍ന്നുള്ള ജില്ലകളിലും പോസ്റ്ററുകള്‍ അച്ചടിച്ച് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
തീം അടിസ്ഥാനത്തില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളാണ് പോസ്റ്ററുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. രക്ഷിതാക്കള്‍ ഓരോ ദിവസവും നിര്‍വഹിക്കേണ്ട പ്രവര്‍ത്തനങ്ങള്‍, ദിവസവും ആളുകളും തിരിച്ച് ചിത്രങ്ങളുടെ സഹായത്തോടെ വിശദമായി പരിശീലന സഹായിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പരിശീലന പരിപാടികള്‍ നടപ്പാക്കുന്നതിലൂടെ കുട്ടികള്‍ക്ക് രക്ഷിതാക്കളിലൂടെ തന്നെ പ്രകൃതിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കുന്നതിന് സഹായിക്കുന്നു.