ഗോരഖ്പൂരില്‍ നിന്നും പുറപ്പെടാന്‍ തയ്യാറായ ട്രെയിനില്‍ രാത്രിയിലെ ഡ്യൂട്ടിയുടെ ഭാഗമായി ഓരോ കോച്ചും പരിശോധിച്ചു വരുമ്പോഴാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഒരു കോച്ചിലെ ടോയ്‌ലറ്റിനുള്ളില്‍ നിന്നും വിചിത്രമായ ശബ്ദം കേട്ടത്. ശബ്ദം കേട്ട ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ ടോയ്ലറ്റിന് സമീപമെത്തി നോക്കിയെങ്കിലും അകത്തുനിന്നും കുറ്റിയിട്ട നിലയിലാണ് കണ്ടത്. തുടര്‍ന്ന് കുറേ തവണ വാതിലില്‍ തട്ടി വിളിച്ചെങ്കിലും പ്രതികരണം ഒന്നും ഉണ്ടായില്ല. ശേഷം ഒരുപാട് പ്രയാസപ്പെട്ട് വാതില്‍ തള്ളി തുറന്ന് നോക്കിയപ്പോഴാണ് അതിനുള്ളില്‍ രണ്ട്
കുട്ടികളെ പൂട്ടിയിട്ടിരുന്നതായി കണ്ടത്.
കുട്ടികളോട് ചോദിച്ചപ്പോള്‍ അവരുടെ വീട്ടുകാരെ പറ്റിയോ മറ്റോ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ലെന്നും ആരോ തങ്ങളെ ഇവിടെ കൊണ്ടുവന്ന് പൂട്ടിയിടുകയായിരുന്നുവെന്നും പറഞ്ഞതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെയും റെയില്‍വേ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷം കുട്ടികളെ ജില്ലാ ശിശുക്ഷേമ മന്ദിരത്തില്‍ എത്തിക്കുകയും ചെയ്തു.
ഇന്ത്യന്‍ റെയില്‍വേ ഇത്തരത്തില്‍ കുട്ടികളുടെ സുരക്ഷയ്ക്കായി നന്‍ഹേ ഫാരിഷ്‌തേ എന്ന പേരില്‍ ഒരു ക്യാമ്പയിന്‍ നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി ഇതുവരെ 644 കുട്ടികളെ സുരക്ഷിതരാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.