ട്രെയിന്‍ തട്ടി മരിച്ചെന്നു കരുതിയ ആള്‍ തിരിച്ചെത്തി
തിങ്കള്‍, 25 ജനുവരി 2016 (10:00 IST)
ട്രെയിന്‍ തട്ടി മരിച്ചെന്നു കരുതിയ ആള്‍ തിരിച്ചെത്തിയത് ബന്ധുക്കള്‍ക്ക് അപ്രതീക്ഷിതമായ ആശ്വാസത്തിനിടയായി. വെള്ളിയാഴ്ച രാവിലെ കടയ്ക്കാവൂര്‍ കൊച്ചു - വലിയ പാലങ്ങള്‍ക്കിടയ്ക്ക് റയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയിരുന്നു.
തിരിച്ചറിയാന്‍ കഴിയാത്ത നിലയിലായിരുന്ന മൃതദേഹം കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇതറിഞ്ഞു ഏറെ നാളായി വീട്ടില്‍ നിന്ന് പിരിഞ്ഞ് നിന്നിരുന്ന മണനാക്ക് സ്വദേശി ബദറുദ്ദീന്‍റെ ബന്ധുക്കള്‍ എത്തി ഈ മൃതദേഹം ബദറുദ്ദീന്‍റേതാണെന്ന് ഉറപ്പിച്ചു പറഞ്ഞു. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയും ചെയ്തു. പിന്നീട് അന്ത്യകര്‍മ്മങ്ങള്‍ക്കായി പള്ളിയിലും എത്തിച്ചു.
എന്നാല്‍ ഇതിനിടെ ബദറുദ്ദീന്‍ അടുത്തൊരിടത്ത് കൂലിവേല ചെയ്യുന്നതറിഞ്ഞു. ബന്ധുക്കള്‍ അവിടേക്ക് ഓടിയെത്തി ബദറുദ്ദീനെ കണ്ടതോടെ എന്തെന്നില്ലാത്ത ആശ്വാസമായി. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയും മൃതദേഹം തിരിച്ചു നല്‍കുകയും ചെയ്തു. തീര്‍ത്തും തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലുള്ള മൃതദേഹം ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.