ടിപി വധം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്ന് സിപി‌എം റിപ്പോര്‍ട്ട്

വെള്ളി, 6 ഫെബ്രുവരി 2015 (20:26 IST)
റവലൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവായ ടിപി ചന്ദ്ര ശേഖരനെ വധിച്ച സംഭവത്തില്‍ പാര്‍ട്ടി പ്രതിരോധത്തിലായെന്ന് സിപി‌എം റിപ്പോര്‍ട്ട്. സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട കരട് പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് പ്രസ്തുത പരാമര്‍ശമുള്ളത്. മാധ്യമങ്ങളും നിഷ്പക്ഷമതികളും എതിരായത് പാര്‍ട്ടിയെ സ്നേഹിക്കുന്നവരെ ആശങ്കയിലാഴ്ത്തിയതായും ചരിത്രത്തിലെ വലിയ പ്രതിസന്ധിയിലൂടെയാണ് ആ സമയത്ത് പാര്‍ട്ടി കടന്നു പോയതെന്നും റിപ്പോര്‍ട്ട് പറയുന്നു.
 
പാര്‍ട്ടിക്കകത്തു നിന്നും ഈ സമയത്ത് വെല്ലുവിളിയുണ്ടായി. ടിപി വധത്തിനുശേഷം വിഎസ് എടുത്ത നിലപാട് പാര്‍ട്ടിയെ പലപ്പോഴും പ്രതിരോധത്തിലാക്കി. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് ദിവസം വിഎസ്, ടിപിയുടെ വീട് സന്ദര്‍ശിച്ചത് തെറ്റായിരുന്നു. എന്നാല്‍ പാര്‍ട്ടി ഒറ്റക്കെട്ടായി പ്രതിസന്ധി തരണം ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  
 
വിഭാഗീയത പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞു. ഒറ്റപ്പെട്ട പ്രാദേശിക പ്രശ്നങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇത് ചര്‍ച്ചയിലൂടെ പരിഹരിക്കും. സിപിഎം ജില്ലാ സമ്മേളനങ്ങളില്‍ മല്‍സരം ഉണ്ടാകാതിരുന്നത് വിഭാഗീയത ഇല്ലാതായതിന്റെ തെളിവാണ്. ജില്ലാ സെക്രട്ടറിമാരെ തിരഞ്ഞെടുത്തത് ഏകകണ്ഠമായാണ്. യുവജന സംഘടനകളുടെ ദൌര്‍ബല്യം സംഘടനാ സ്വാധീനത്തെ ബാധിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക