എറണാകുളം: വിവിധ തരത്തിലുള്ള നിയമ ലംഘനം നടത്തിയ 144 ടൂറിസ്റ്റ് ബസ്സുകൾ കൂടി പിടിച്ചെടുത്തു. ഇതിൽ ഗുരുതരമായ കുറ്റം കണ്ടെത്തിയ പത്ത് ബസുകളുടെ ഫിറ്റ്നസും റദ്ദാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജില്ലയിലെ പ്രധാന റോഡുകൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.
ആകെ എല്ലാ ബസുകൾക്കും കൂടി 1,66,750 രൂപ പിഴയിനത്തിൽ ഈടാക്കിയിട്ടുണ്ട്. എറണാകുളം ആർ.ടി.ഒ യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മാത്രം 70 ടൂറിസ്റ്റ് ബസുകളാണ് പിടികൂടിയത്. അങ്കമാലി, കാക്കനാട്, തൃപ്പൂണിത്തുറ, പറവൂർ, മട്ടാഞ്ചേരി, ആലുവ എന്നീ പ്രദേശങ്ങളിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്.
പിടിച്ചെടുത്ത ഭൂരിഭാഗം ബസുകളിലും അനധികൃതമായി ആർഭാട വെളിച്ച സംവിധാനങ്ങൾ, ശബ്ദ ക്രമീകരണങ്ങൾ എന്നിവയും കണ്ടെത്തി. ഇതിനൊപ്പം വേഗത നിയന്ത്രിക്കുന്നതിനുള്ള സ്പീഡ് ഗവർണ്ണർ ബന്ധവും വേർപെടുത്തിയിരുന്നു. ജില്ലയിലും സമീപ ജില്ലകളിലും ശക്തമായ തോതിലുള്ള പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.