ഓട്ടോഡ്രൈവറെ കൊലപ്പെടുത്തിയ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ
തിരുവനന്തപുരം: ഓട്ടോ റിക്ഷാ ഡ്രൈവറെ കൊലപ്പെടുത്തിയ സംഭവത്തിൽ കേസിലെ ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കും ജീവപര്യന്തം കഠിന തടവും 145000 രൂപ പിഴയും ശിക്ഷയായി കോടതി വിധിച്ചു. ബാർട്ടൺഹിൽ സ്വദേശിയായ അനിൽ കുമാർ എന്ന ഓട്ടോറിക്ഷാ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പ്രഖ്യാപിച്ചത്.
ബാർട്ടൻ ഹിൽ ലോ കോളേജ് ജംഗ്‌ഷനിൽ വച്ചാണ് അനിൽകുമാറിനെ കൊലപ്പെടുത്തിയത്. ജീവൻ എന്ന വിഷ്ണുവാണ് കേസിലെ ഒന്നാം പ്രതി. ഇയാളുടെ ക്രിമിനൽ പശ്ചാത്തലം കണക്കിലെടുത്ത് പതിനഞ്ചു കൊല്ലത്തേക്ക് പരോൽ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകരുതെന്നും കോടതി ഉത്തരവിട്ടു.കേസിലെ മൂന്നും നാല് പ്രതികളെ തെളിവിന്റെ അഭാവത്താൽ കോടതി വെറുതെവിട്ടു.
അതെ സമയം വിചാരണ വേളയിൽ കൂറുമാറിയ എട്ടു സാക്ഷികൾക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ ജഡ്ജി കെ.ലില്ലിയുടെതാണ് ഉത്തരവ്. കൊല്ലപ്പെട്ട അനിൽകുമാറിന്റെ ഭാര്യയ്ക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് നിർദ്ദേശം നൽകാനും കോടതി ഉത്തരവിട്ടു. .