കൺസ്യൂമർഫെഡില്‍ തമ്മിലടി; ടോമിൻ തച്ചങ്കരിക്ക് കൺസ്യൂമർഫെഡിനെ തകർക്കാന്‍ അച്ചാരം വാങ്ങിയെന്ന് ചെയർമാൻ
കൺസ്യൂമർഫെഡ് എംഡി ടോമിൻ ജെ. തച്ചങ്കരിക്കെതിരെ ചെയർമാൻ അഡ്വ. ജോയ് തോമസ് രംഗത്ത്. ആരുടെയൊക്കെയോ അച്ചാരം വാങ്ങി തച്ചങ്കരി കൺസ്യൂമർഫെഡിനെ തകർക്കാനാണ് ശ്രമിക്കുന്നതെന്നാണ് അദ്ദേഹം ആരോപിച്ചത്. തച്ചങ്കരിക്ക് മദ്യക്കച്ചവടത്തിലാണ് താല്‍പ്പര്യമെന്നും മദ്യക്കച്ചവടത്തിൽ നിന്നുള്ള ഇൻസെന്റീവ് അദ്ദേഹത്തിന് ലഭിക്കുന്നതായും ചെയര്മാന് ആരോപിച്ചു. പൊതുവിതരണ ശൃംഖലയെ തകർക്കാനാണ് തച്ചങ്കരി ശ്രമിക്കുന്നതെന്നും ഇങ്ങനെ തുടരാനാകില്ലെന്നും ജോയ് തോമസ് വ്യക്തമാക്കി.
താൻ ആരോടാണ് അച്ചാരം വാങ്ങുന്നതെന്ന് ജോയ് തോമസ് വ്യക്തമാക്കണമെന്ന് തച്ചങ്കരി മറുപടി നൽകി. സർക്കാർ അനുവദിക്കുന്ന കാലത്തോളം താൻ കൺസ്യൂമർഫെഡിൽ തുടരും. അഴിമതി ചൂണ്ടിക്കാണിക്കുക മാത്രമാണ് താൻ ചെയ്തത്. ആരോടും തനിക്ക് വ്യക്തിപരമായ അഭിപ്രായ വ്യത്യാസമില്ലെന്നും മദ്യക്കച്ചവടമുള്ളതു കൊണ്ടാണ് ജീവനക്കാർക്ക് ശംന്പളം കൊടുക്കാനാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.