ടൈറ്റാനിയം അഴിമതി കേസ് തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. കേസില്‍ വിജിലന്‍സ് ഇന്ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധ്യതയില്ല. കേസിന്റെ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കുകയും അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടുകയും ചെയ്യും.
ടൈറ്റാനിയം അഴിമതി കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അഭിപ്രായപ്പെട്ടിരുന്നു. ഈ മാസം 22 ന് ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ മിന്നല്‍ പരിശോധന നടത്തിയ ശേഷമാണ് ജേക്കബ് തോമസ് ഇക്കാര്യം വ്യക്തമാക്കിയത്. വരും ദിവസങ്ങളില്‍ മലിനീകരണ നിയന്ത്രണ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്ത സ്ഥാപനങ്ങളിലും പരിശോധന നടക്കും. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും ജേക്കബ് തോമസ് പറഞ്ഞു.
ടൈറ്റാനിയം കമ്പനിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചതില്‍ 256 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് കേസ്. 2006 ല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെയാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. പ്ലാന്റിന്റെ നിര്‍മാണത്തിന് ആവശ്യമായ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് മെക്കോണ്‍ കമ്പനി വഴി ഫിന്‍ലന്‍ഡിലെ കമ്പനിക്കാണ് കരാര്‍ നല്‍കിയിരുന്നത്. ഇതിലാണ് അഴിമതി ആരോപണം ഉയര്‍ന്നത്.