യുവാക്കളുടെ സമരം 24 മണിക്കൂര്‍ പിന്നിട്ടു; സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയില്ലെങ്കില്‍ ആത്മഹത്യയെന്ന് ഭീഷണി

ചൊവ്വ, 2 ഓഗസ്റ്റ് 2016 (11:12 IST)
സെക്രട്ടറിയേറ്റിന് സമീപത്ത് വച്ച് യുവാക്കള്‍ നടത്തിയ ആത്മഹത്യാ ഭീഷണി 24 മണിക്കൂര്‍ പിന്നിടുന്നു. മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്കുശേഷം ഇന്നലെ ഉച്ചയ്ക്ക് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും രേഖാമൂലമുളള ഉറപ്പുകള്‍ ലഭിക്കാതെ താഴേക്ക് ഇറങ്ങില്ലെന്നാണ് സമരക്കാര്‍ ഇപ്പോഴും പറയുന്നത്.
 
ഇവരുടെ നിയമനം സംബന്ധിച്ച സാധ്യതകള്‍ പരിശോധിക്കാമെന്നാണ് മുഖ്യമന്ത്രിയുമായുളള ചര്‍ച്ചയ്ക്കുശേഷം ഇന്നലെ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ ഇവര്‍ തയ്യാറായില്ല. സമരക്കാര്‍ സര്‍ക്കാറിനെ വിശ്വാസത്തിലെടുക്കണമെന്ന് എം സ്വരാജ് വ്യക്തമാക്കി.
 
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും സമാനമായ രീതിയില്‍ സെക്രട്ടറിയേറ്റിന് മുന്നിലെ കെട്ടിടത്തിന് മുകളില്‍ കയറി ഇവര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് ജോലി നല്‍കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ അക്കാര്യം ഇതുവരേയും പാലിക്കപ്പെട്ടില്ലയെന്നും ഇവര്‍ ആരോപിച്ചു.
 
ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോ റാങ്ക് ഹോള്‍ഡേഴ്‌സ് അംഗങ്ങളായ ഇവര്‍ കഴിഞ്ഞമാസം 27മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം ആരംഭിച്ചിരുന്നു. ഇന്നലെ രാവിലെ പത്തുമണിയോടെ സഹകരണ ബാങ്കിന്റെ ഏറ്റവും മുകള്‍ നിലയില്‍ കയറി ഇവര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക