കലാഭവന്‍ മണിയുടെ മരണം;ആത്മഹത്യയോ കൊലപാതകമോയെന്ന കാര്യത്തില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ വ്യക്തത വരുത്തുമെന്ന് അന്വേഷണഉദ്യോഗസ്ഥര്‍

തിങ്കള്‍, 21 മാര്‍ച്ച് 2016 (07:43 IST)
കലാഭവന്‍മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തിടുക്കപ്പെട്ട് നിഗമനങ്ങളില്‍ എത്തിച്ചേരേണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. എല്ലാ സാധ്യതകളും പരിഗണിച്ചുള്ള ഒരു അന്വേഷണമാണ് രണ്ടാം ഘട്ടത്തില്‍ നടക്കുക. മരണം ആത്മഹത്യയോ കൊലപാതകമോ എന്ന കാര്യത്തില്‍ ഒരാഴ്ച്ചയ്ക്കകം വ്യക്തത വരുത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കലര്‍ന്നിട്ടുണ്ടെന്ന പരിശോധനാ ഫലം പുറത്തു വന്നതോടെയാണ് സംഭവത്തിലെ ദൂരൂഹതകള്‍ ഇരട്ടിയായത്. ഈ കീടനാശിനിയുടെ ഉറവിടത്തിനായി നടത്തിയ അന്വേഷണത്തില്‍ മണിയുടെ കുടുംബവീടിനടുത്തുനിന്ന് കീടനാശിനി കുപ്പി കണ്ടെത്തിയത് നിര്‍ണായക വഴിത്തിരിവായി മാറി. പാടിയില്‍ മദ്യസല്‍ക്കാരം നടന്നെങ്കിലും മണിയുടെ ശരീരത്തില്‍ വിഷാശം എത്തിയത് പുലര്‍ച്ചെ അഞ്ചു മണിക്ക് ശേഷമായിരുന്നുയെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. ഇതോടെയാണ് പാടിയില്‍ കഴിഞ്ഞ മണിയുടെ ശരീരത്തില്‍ കീടനാശിനി എത്താനുള്ള സാധ്യതകളിലേക്കായി പ്രധാന അന്വേഷണം നടത്തുന്നത്.ബോധപൂര്‍വ്വമായ അപടകടപ്പെടുത്തല്‍, ആത്മഹത്യ തുടങ്ങി എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് തൃശൂര്‍ റേഞ്ച് ഐ.ജി എം ആര്‍ അജിത് കുമാര്‍ വ്യക്തമാക്കി.

കൂടാതെ മണിയുടെ സഹായികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. കണ്ടെടുത്ത കീടനാശിനികളുടെ രാസപരിശോധനാ ഫലം ലഭ്യമാകുന്നതോടെ വിഷാംശത്തിന്റെ ഉറവിടത്തില്‍ വ്യക്തത ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ബന്ധുക്കളുടെയും സുഹൃത്തുകളുടെയും മൊഴികള്‍ വീണ്ടും ശേഖരിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

വെബ്ദുനിയ വായിക്കുക