മീന്‍ കഴുകിയെടുത്തപ്പോഴേക്കും കൈയില്‍ കിടന്ന സ്വര്‍ണവളകളുടെ നിറം പോയി

ചൊവ്വ, 28 ജൂണ്‍ 2016 (12:30 IST)
മീന്‍ കഴുകി വൃത്തിയാക്കിയപ്പോഴേക്കും കൈയില്‍ അണിഞ്ഞിരുന്ന സ്വര്‍ണവളകളുടെ നിറം പോയി. തൃശൂര്‍ അഞ്ഞൂര്‍ എഴുത്തു പുരയ്ക്കല്‍ രാജന്റെ മരുമകള്‍ വിനിയുടെ സ്വര്‍ണത്തിനാണു നിറംമാറ്റം സംഭവിച്ചത്.
 
നിറം മാറ്റം മാത്രമല്ല, വള ദ്രവിച്ച് ഒരുഭാഗം പൊട്ടുകയും ചെയ്തു. മീന്‍ കഴുകി വൃത്തിയാക്കിയതിനു ശേഷമാണ് വളകളിലെ നിറവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടതെന്ന് വിനി പറയുന്നു.
 
മുക്കാല്‍ പവന്റെ നാലു വളകളും ഒരു മോതിരവുമായി കൈയ്യില്‍ അണിഞ്ഞിരുന്നത്. ഇതില്‍ ഒരു വളയ്ക്ക് കാര്യമായ നിറവ്യത്യാസം ഉണ്ടായി. ഇത് പരിശോധിക്കുന്നതിനിടെ വള പൊട്ടുകയും ചെയ്തു.
 
മീന്‍ കേടാകാതിരിക്കാനുള്ള രാസവസ്തുക്കളാണു സ്വര്‍ണത്തിന്റെ നിറം മാറ്റത്തിനു കാരണമെന്നാണ് കരുതുന്നത്. ജ്വല്ലറിയില്‍ പരിശോധിച്ചപ്പോഴും ആസിഡിന്റെ അംശമാണു സ്വര്‍ണത്തിന്റെ നിറം മാറ്റത്തിനു കാരണം എന്നാണ് പറഞ്ഞത്.

വെബ്ദുനിയ വായിക്കുക