മെഡിക്കൽ കോളജിന്റെ പേരിൽ വയൽ നികത്താൻ അനുവദിക്കില്ല; പദ്ധതി പുനഃപരിശോധിക്കുമെന്ന് തോമസ് ഐസക്

Webdunia
ഞായര്‍, 5 ജൂണ്‍ 2016 (12:35 IST)
ഹരിപ്പാട് മെഡിക്കൽ കോളജ് പദ്ധതി പുനഃപരിശോധിക്കാൻ തീരുമാനം. പദ്ധതി നടപ്പിലാക്കാൻ നബാർഡിൽ നിന്നും 300 കോടി രൂപ വായ്പയെടുത്ത് നൽകാനും വയൽ നികത്താനും കഴിഞ്ഞ യു ഡി എഫ് സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ നബാർഡിൽ നിന്നും വായ്പ എടുത്ത് നൽകില്ലെന്നും വയൽ നികത്താൻ അനുവദിക്കില്ലെന്നും ധന‌മന്ത്രി തോമസ് ഐസക് പ്രമുഖ വാർത്താ ചാനലിനോട് പറഞ്ഞു.
 
സ്വകാര്യ പങ്കാളിത്തത്തോടെ തുടങ്ങുന്ന മെഡിക്കൽ കോളജാണ് ഹരിപ്പാട്ടേത്. ഹരിപ്പാട് കരുവാറ്റയിൽ കഴിഞ്ഞ യു ഡി എഫ് സർക്കാരാണ് മെഡിക്കൽ കോളജ് പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം തന്നെ ഇതിന്റെ ശിലാസ്ഥാപനം നടത്തുകയും ചെയ്തു. സ്ഥലമേറ്റെടുപ്പിനുള്ള നടപടികൾ യു ഡി എഫ് സർക്കാർ പൂർത്തിയാക്കിയിരുന്നു. 
 
എന്നാൽ, പുതിയ ആശുപത്രി സംബന്ധിച്ച് മുൻസർക്കാർ സ്വീകരിച്ച തീരുമാനം പുനഃപരിശോധിക്കാനാണ് എൽ ഡി എഫ് സർക്കാരിന്റെ തീരുമാനം. ഖജനാവ് വഹിക്കേണ്ടതില്ലെന്നാണ് പുതിയ സർക്കാരിന്റെ നിലപാട്. മെഡിക്കൽ കോളജിന്റെ പേരിൽ ചട്ടങ്ങൾ ലംഘിച്ച് വയൽ നികത്താൻ അനുവദിക്കില്ല എന്നും മന്ത്രി വ്യക്തമാക്കി. 
Next Article