കേരളത്തില്‍ ആരെല്ലാം സംസാരിക്കണമെന്ന് തീരുമാനിക്കുന്നത് ബിജെപിയല്ല: തോമസ് ഐസക്

വ്യാഴം, 29 ഡിസം‌ബര്‍ 2016 (08:15 IST)
കേരളത്തില്‍ ആരെല്ലാം സംസാരിക്കണമെന്ന് തീരുമാനിക്കുന്നത് ബിജെപിയല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. നോട്ട് അസാധുവാക്കിയതിനെതിരെ പ്രതികരിച്ച എംടി വാസുദേവന്‍ നായരോടുള്ള ബിജെപിയുടെ പ്രതികരണത്തിനെതിരായിരുന്നു തോമസ് ഐസകിന്റെ ഈ പ്രതികരണം.  
 
ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തെ കുറിച്ച് ആര്‍ക്കും അഭിപ്രായം പറയാം. മോദിയുടെ ഈ പരിഷ്‌കാരത്തെ തുഗ്ലക്ക് പരിഷ്‌ക്കാരം എന്ന് എംടി വിശേഷിപ്പിച്ചത് കാര്യം മനസിലാക്കിക്കേണ്ടത്. കേരളത്തിലെ ബിജെപി എന്താണെന്നാണ് ആദ്യം ആലോചിക്കേണ്ടത്. അതല്ലാതെ മോദിയുടെ ഹുങ്ക് ഇവിടെ കാണിക്കാന്‍ ശ്രമിച്ചാല്‍ അതു നടക്കില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.
 
നരേന്ദമോദിക്കെതിരെ പറയാന്‍ എംടിക്ക് എന്തവകാശമാണുള്ളതെന്നും രാജ്യം മാറിയതൊന്നും എംടി അറിഞ്ഞിട്ടില്ലേയെന്നുമായിരുന്നു ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ ചോദിച്ചത്. എംടിയുടെ വീടിനടുത്തുവെച്ച് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടപ്പോള്‍ പ്രതികരിക്കാതിരുന്ന എംടി ഇപ്പോള്‍ തുഞ്ചന്‍ പറമ്പിലിരുന്ന് പ്രതികരിക്കുന്നത് എന്തിന് വേണ്ടിയാണെന്ന് അറിയാമെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. 

വെബ്ദുനിയ വായിക്കുക