രാജേന്ദ്രന്റെ പട്ടയം: തീയ്യതിയിലും സീലിലും പൊരുത്തക്കേടുകള്‍, സർക്കാർ ഭൂമി കയ്യേറിയതാണെന്ന് ആരോപണം

ശനി, 1 ഏപ്രില്‍ 2017 (09:04 IST)
ദേവികുളം എംഎൽഎ എസ് രാജേന്ദ്രന്റെ പേരിലുള്ള പട്ടയത്തിന്റെ തീയ്യതിയിലും സീലിലും പൊരുത്തക്കേടുകള്‍ കണ്ടെത്തി. സർവേ നമ്പറിൽ തിരുത്തലുകളുമുണ്ട്. പട്ടയം ലഭിച്ച ഭൂമിയും രാജേന്ദ്രൻ വീട് വച്ചിരിക്കുന്ന ഭൂമിയും രണ്ടും രണ്ടാണെന്ന് രേഖകൾ. 2001 ഡിസംബർ അഞ്ചിന് പട്ടയം അനുവദിച്ചെന്നാണ് രാജേന്ദ്രന്റെ കൈയിലെ പട്ടയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.  
 
എന്നാല്‍ തഹസിൽദാരുടെ ഓഫിസ് സീലിലും തഹസിൽദാരുടെ പേരിലുള്ള സീലിലും ദേവികുളം എന്ന സ്‌ഥലപ്പേരിലെ അക്ഷരത്തിനും മാറ്റമുണ്ട്. കുടാതെ  തഹസിൽദാരുടെ ഒപ്പിനു തഴെയാണ് തീയ്യതി രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം പട്ടയത്തിന്റെ ഇടതുഭാഗത്ത് തീയ്യതി രേഖപ്പെടുത്താനുള്ള കോളത്തിൽ 2001 മേയ് മാസം എന്നാണ് കാണിച്ചിരിക്കുന്നത്. അതുപോലെ തന്നെ സർവേ നമ്പർ 843 എന്നാണ് പട്ടയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതില്‍ എട്ട് എന്ന അക്കത്തിൽ തിരുത്തലുകളുണ്ട്. രാജേന്ദ്രന്റെ പിതാവിന്റെ പേരിലെ ഒരു അക്ഷരത്തിലും തിരുത്തലുകള്‍ കണ്ടെത്തിയിട്ടുണ്ട്. 
 
കെഡിഎച്ച് വില്ലേജിലെ സർവേ നമ്പർ 843ലുള്ള എട്ട് സെന്റ് സ്‌ഥലത്തിനാണ് പട്ടയം അനുവദിച്ചിരിക്കുന്നതെന്നാണ് രാജേന്ദ്രന്റെ വാദം. പക്ഷേ രാജേന്ദ്രൻ വീടു വച്ച സർവേ നമ്പർ 62/9ൽ പെട്ട സ്‌ഥലത്താണ്. രാജേന്ദ്രന്റെ പട്ടയത്തിൽ അതിരുകൾ രേഖപ്പെടുത്തിയിരിക്കുന്നതിലും ചില വ്യത്യാസങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പട്ടയത്തിൽ മൂന്ന് അതിരുകളിലും സർക്കാർഭൂമിയും വടക്ക് സ്വകാര്യ വ്യക്‌തിയുടെ സ്‌ഥലവുമാണെന്ന്  രേഖപ്പെടുത്തിയിരിക്കുന്നുണ്ട്.
 
40 വർഷം പഴക്കമുള്ള തന്റെ വീട് പുതുക്കിപ്പണിയാൻ അനുവദിക്കണമെന്ന് കാണിച്ചാണ് രാജേന്ദ്രൻ ജില്ലാ കലക്ടർക്ക് അപേക്ഷ നൽകിയത്. എന്നാല്‍ വില്ലേജ് ഓഫിസർ നൽകിയ റിപ്പോർട്ട് പ്രകാരം, രാജേന്ദ്രന്റെ പട്ടയസ്‌ഥലത്ത് ഒരു ഷെഡ് മാത്രമാണുള്ളതെന്ന് അതിന് പഞ്ചായത്ത് നമ്പരുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
 
വീട് എങ്ങനെ ഷെഡായതെന്നും അതിരുകളിൽ മാറ്റമുണ്ടായതെങ്ങനെയെന്നുമുള്ള സംശയമാണ് ഇപ്പോള്‍ നിലലില്‍ക്കുന്നത്. സര്‍ക്കാര്‍ ഭൂമി കയ്യേറിയതാണെന്ന് ആരോപണങ്ങളുമുണ്ട്.
 
 
 

വെബ്ദുനിയ വായിക്കുക