പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം : ഉദ്യോഗസ്ഥർക്കുണ്ടായ വീഴ്ച അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചു

ശനി, 23 ഏപ്രില്‍ 2016 (13:42 IST)
പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിൽ ഉദ്യോഗസ്ഥർക്കുണ്ടായ വീഴ്ചയും ന‌പടപടിക്രമങ്ങളിലെ പാളിച്ചയും അന്വേഷിക്കാൻ കേന്ദ്രസർക്കാർ ഏകാംഗ കമ്മീഷനെ നിയമിച്ചു. ഡോക്ടര്‍ എ കെ യാദവാണ് കമ്മീഷന് നേതൃത്വം നല്‍കുന്നത്. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരമാണ് വ്യവസായ മന്ത്രാലയം കമ്മീഷനെ നിയമിച്ചത്.
 
വെടിക്കെട്ട് അപകടത്തിന്റെ കാരണം, അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍, സര്‍ക്കാര്‍ തലത്തില്‍ വീഴ്ചയുണ്ടായോ എന്നീ കാര്യങ്ങളാണ് കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സിലുള്ളത്. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനുതകുന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും കമ്മിഷനോട് നിര്‍ദേശിച്ചിട്ടുണ്ട്.
സിവില്‍ കോടതിയുടെ എല്ലാ അധികാരങ്ങളും കമ്മിഷനുണ്ടാകും. ജില്ലാ കളക്ടര്‍, കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ചുവരുത്തി മൊഴിയെടുക്കാന്‍ കമ്മിഷന് കഴിയും. രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എന്നാല്‍ തെരഞ്ഞെടുപ്പ് സമയമായതിനാല്‍ കമ്മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വൈകാനിടയുണ്ട്.
 
എക്സ്‍പോസീവ് ആക്ട് 1884 ലെ സെക്ഷന്‍ 9 എ പ്രകാരം സ്ഫോടക വസ്തുക്കള്‍ കാരണമുള്ള വലിയ അപകടം എന്ന നിലയിലാണ് പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചത്. സ്ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കേന്ദ്രത്തിന് കീഴിലുള്ളതായതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷനെക്കാള്‍ പ്രധാന്യമുള്ളതാണ് കേന്ദ്ര അന്വേഷണ കമ്മിഷന്‍. ജുഡീഷ്യല്‍ കമ്മിഷന്‍ ഫലത്തില്‍ അപ്രസക്തമാവും. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക