മുഖ്യമന്ത്രിയാകാനും പ്രധാനമന്ത്രിയാകാനും സ്വന്തം ഗുരുതുല്യരെ വെട്ടിനിരത്തിയ ചരിത്രമാണ് മോദിയ്ക്കുള്ളത് : രമേശ് ചെന്നിത്തല

ചൊവ്വ, 10 മെയ് 2016 (18:11 IST)
രക്തം പുരണ്ട രാഷ്ട്രീയജീവിതമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അധികാരം കയ്യിലുണ്ടെങ്കിലും ആര്‍ എസ് എസ്സും ബി ജെ പിയും നെഹ്‌റു കുടുംബത്തെ ഇപ്പോളും ഭയക്കുന്നുണ്ടെന്നും സോണിയഗാന്ധിക്കെതിരായി മോദി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ചെന്നിത്തല തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
 
രമേശ് ചെന്നിത്തലയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
അധികാരമുണ്ടെങ്കിലും ബി ജെ പിയും, ആര്‍ എസ് എസും ഭയക്കുന്നത് നെഹ്‌റുകുടുംബത്തെ:
 
രക്തക്കറ പുരണ്ട രാഷ്ട്രീയ ജീവിതത്തിനുടമയായ നരേന്ദ്രമോദിക്കും, അമിത്ഷാക്കും സംശുദ്ധരാഷ്ട്രീയത്തിന്റെ പ്രതീകമായ സോണിയാഗാന്ധിയെ വിമര്‍ശിക്കാന്‍ ധാര്‍മ്മികമായി ഒരു അവകാശവുമില്ലെ.കൈവെള്ളയില്‍ വന്ന പ്രധാനമന്ത്രി സ്ഥാനം ത്യജിച്ച നേതാണ് സോണിയഗാന്ധി. ഒരിക്കല്‍ വേണ്ടെന്ന് വച്ച പ്രധാനമന്ത്രി പദം പിന്നീട് എപ്പോള്‍ വേണമെങ്കിലും ഏറ്റെടുക്കാന്‍ അവര്‍ക്ക് അവസരമുണ്ടായിരുന്നു. രാജ്യത്തെ കോടിക്കണക്കിന് പ്രവര്‍ത്തകര്‍ ആഗ്രഹിച്ചതും അതാണ്. എന്നാല്‍ അധികാരങ്ങളില്‍ നിന്നകന്ന് ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ സ്വയം തീരുമാനിച്ച നേതാവാണ് സോണിയാ ഗാന്ധി.
 
അതേസമയം മുഖ്യമന്ത്രിയാകാനും പ്രധാനമന്ത്രിയാകാനും സ്വന്തം ഗുരുതുല്യരെപ്പോലും വെട്ടിനിരത്തിയ ചരിത്രമാണ് മോദിയുടേത്. മോദിയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള യാത്രയ്ക്ക് ഗോദ്രയിലും മുസാഫിര്‍ നഗറിലും കൊലചെയ്യപ്പെട്ട പാവങ്ങളുടെ ചോരയുടെ ഗന്ധമുണ്ട്. ഈ കറ കഴുകിക്കളയാന്‍ ഗംഗയിലെ വെള്ളം മുഴുവന്‍ ഉപയോഗിച്ചാലും മതിവരില്ല. ഇത്തരം പൂര്‍വ്വചരിത്രമുള്ള മോദിക്ക് സോണിയാഗാന്ധിയെ വ്യക്തിപരമായി വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയാണുള്ളത്? അധികാരത്തിലെത്തി രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും നല്‍കിയ വാഗ്ദാനങ്ങളിലൊന്നുപോലും നടപ്പാക്കാന്‍ ഇനിയും മോദി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിനായിട്ടില്ല. ഇതില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് അഗസ്ത വെസ്റ്റ്‌ലാന്‍ഡ് അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തി സോണിയാഗാന്ധിക്കും കുടുംബത്തിനുമെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
 
അധികാരത്തിലെത്തിയ ശേഷവും വ്യക്തിഹത്യ നടത്തിയും കള്ളക്കേസില്‍ കുടുക്കിയും സോണിയാഗാന്ധിക്കും രാഹുല്‍ഗാന്ധിക്കുമെതിരേ ഒളിപ്പോര്‍ തുടരുകയാണ് മോദിയും അമിത്ഷായും . ഇത് വ്യക്തമാക്കുന്നത് അധികാരം കൈയ്യിലുണ്ടെങ്കിലും ആര്‍.എസ്.എസും ബി.ജെ.പിയും ഇപ്പോഴും ഭയക്കുന്നത് നെഹ്‌റു കുടുംബത്തെയാണെന്നാണ്. ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് നെഹ്‌റു കുടുംബത്തിലെ അംഗങ്ങളുടെ മനോവീര്യം കെടുത്താമെന്നും അതുവഴി കോണ്‍ഗ്രസിനെ നിഷ്‌ക്രീയമാക്കാമെന്നുമാണ് അവരുടെ കണക്കുകൂട്ടല്‍. മോദിയുടെ മുന്‍ഗാമികള്‍ പലരും ഇത്തരം പരീക്ഷണങ്ങള്‍ മുമ്പും നടത്തിയിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ച ചരിത്രമാണ് കോണ്‍ഗ്രസിന്റേത്.
പ്രധാനമന്ത്രി പദത്തിന്റെ വലിപ്പം മനസ്സിലാക്കാത്ത മോദിക്ക് ഇപ്പോഴും പഴയ ആര്‍.എസ്.എസ് പ്രചാരകന്റെ മനോനിലയാണ്. ഇനിയെങ്കിലും യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് പ്രധാനമന്ത്രി പദത്തിന്റെ അന്തസകാത്തുസൂക്ഷിക്കാന്‍ മോദി തയ്യാറാകണം. അതിനു തയ്യാറാല്ലെങ്കില്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാകും മോദിയുടെ സ്ഥാനം.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക