രണ്ടു മാസത്തിലധികം നീണ്ട പ്രചാരണത്തിനൊടുവിലാണു രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 140 നിയോജക മണ്ഡലങ്ങളും പോരാട്ടച്ചൂട് പാരമ്യത്തിലെത്തിയപ്പോള്‍. കേരളം കണ്ടത് പതിവു വിട്ടൊരു തെരഞ്ഞെടുപ്പ് രീതിയായിരുന്നു. 25608720 വോട്ടര്‍മാരാണു നാളെ വിധിയെഴുതുന്നത്. 1203 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. 21,498 പോളിംഗ് ബൂത്തുകള്‍ വിധിയെഴുത്തിനു തയാറാകുന്നു.
സംസ്ഥാനരാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പിനാണ് ഇത്തവണ സാക്ഷിയാകുന്നത്. യുഡിഎഫിനും എല്‍ഡിഎഫിനും ഒപ്പം ബിജെപിക്കും ബിഡിജെഎസിനും നിലനില്‍പ്പിനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. മാറിമാറി വന്ന തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ തെരഞ്ഞെടുപ്പിനെ പ്രവചനാതീതമാക്കിയിട്ടുണ്ട്. സിനിമാതാരങ്ങള്‍ മുതല്‍ മാധ്യമപ്രവര്‍ത്തകരും കായികതാരവും വരെ സ്ഥാനാര്‍ത്ഥികളായി. വോട്ട് തേടി സൂപ്പര്‍താരങ്ങള്‍ മണ്ണിലിറങ്ങി. സൈബര്‍ ഇടങ്ങളില്‍ നേതാക്കന്‍മാര്‍ ഏറ്റുമുട്ടി. ചുമരെഴുത്തുകള്‍ ട്രോളുകള്‍ക്കു വഴിമാറി. ദേശീയ നേതാക്കള്‍ തമ്മില്‍ വാക് പോരുകള്‍ നടന്നു. മുന്നണികള്‍ കളം പിടിക്കാന്‍ മത്സരിച്ചപ്പോള്‍ സോളാര്‍ അടക്കമുള്ള അഴിമതി വിഷയങ്ങളും മദ്യനിരോധനവും അക്രമരാഷ്ട്രീയവും വിട്ട് സംവാദങ്ങള്‍ സൊമാലിയയിലും ലിബിയയിലും വരെയെത്തി.