ഒറ്റപ്പാലത്ത് ഷാനിമോൾ ഉസ്മാൻ യു ഡി എഫ് സ്ഥാനാർഥി; എതിർപ്പില്ലെന്ന് പാലക്കാട് ഡി സി സി

ശനി, 9 ഏപ്രില്‍ 2016 (11:23 IST)
കോൺഗ്രസിൽ സ്ഥാനാർഥി നിർണയം പൂർത്തിയാകാത്ത ആറുസീറ്റുകളിൽ ഒരു സീറ്റിന്റെ കാര്യത്തില്‍ തീരുമാനമായി. ഒറ്റപ്പാലത്ത് ഷാനിമോൾ ഉസ്മാൻ സ്ഥാനാർഥിയാകും. ഷാനിമോൾക്ക് സീറ്റ് നൽകാഞ്ഞതും ശാന്താ ജയറാമിനെതിരെ പ്രതിഷേധം ഉയർന്നതുമാണ് ഈ മാറ്റത്തിന്‌ കാരണം.

ഷാനിമോളെ പരിഗണിക്കുന്നതിൽ എതിർപ്പില്ലെന്ന് പാലക്കാട് ഡി സി സി, കെ പി സി സിയെ അറിയിച്ചു. ദേവികുളം, കയ്പമംഗലം, പയ്യന്നൂർ, കല്യാശേരി, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലാണ് ഇനിയും തീരുമാനമാകാത്തത്. ആർ എസ് പിയ്ക്ക് കയ്പമംഗലത്തിന് പകരം പയ്യന്നൂർ നൽകാന്‍ സാധ്യതയുണ്ട്.

ദേവികുളത്ത് ആർ രാജാറാമിന് പകരം ഐ എൻ ടി യു സി നേതാവ് കുമാറാണ് സ്ഥാനാർഥി. രാജാറാമും ഐ എൻ ടി യു സി ക്കാരനാണെങ്കിലും നേതൃനിരയിലുള്ള കുമാറിന് സ്ഥാനാർഥിത്വം നൽകാൻ തീരുമാനിക്കുകയായിരുന്നു. കല്യാശേരിയിൽ പി രാമകൃഷ്ണനും കാഞ്ഞങ്ങാട്ട് ടി ജി ദേവുമാണ് പരിഗണനയിലുള്ളത്.

കയ്പമംഗലം സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും. അങ്ങനെയെങ്കിൽ തങ്ങൾക്ക്‌ വേറെ സീറ്റ് വേണമെന്ന് ആർ എസ് പി നേതാവ് എൻ കെ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. കയ്പമംഗലത്ത് ആർ എസ് പി ക്ക് സംഘടനാശേഷി കുറവാണ്. ഇവിടെ അവർക്ക് സീറ്റ് നൽകിയതിനെതിരെ കോൺഗ്രസ് പ്രവർത്തകർ രംഗത്തുവരികയും അവർ കണ്ടെത്തിയ സ്ഥാനാർഥി നൂറുദ്ദീനെ പിൻവലിക്കുകയും ചെയ്തു

ഈ സീറ്റുകള്‍ സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടി, വി എം സുധീരൻ, രമേശ് ചെന്നിത്തല എന്നിവർ ഇന്ന് ചർച്ചനടത്തും. ഇതിനുശേഷമായിരിക്കും എ ഐ സി സിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുക.

വെബ്ദുനിയ വായിക്കുക