വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുമുഖനിരയെ രംഗത്തിറക്കുന്നത് ഉചിതമായ തീരുമാനമായിരിക്കുമെന്ന് സി പി ഐ. എന്നാല്‍ സി പി ഐയുടെ പഴയ പടക്കുതിരകളാണ് ഇതോടെ അങ്കലാപ്പിലാകുന്നത്. വരുന്ന 28, 29 തീയതികളിൽ ചേരുന്ന സംസ്ഥാന നിർവാഹകസമിതി, കൗൺസിൽ യോഗങ്ങളിൽ സി പി ഐ അന്തിമപട്ടിക പുറത്തിറക്കും.
രണ്ടും ടേം പൂർത്തിയാക്കിയ ഏഴ് എം എൽ എമാരാണ് സി പി ഐയ്ക്കുള്ളത്. ഇവരിലാരെങ്കിലും വീണ്ടും മത്സരിക്കണമെങ്കില്‍ അക്കാര്യം ജില്ലാ കൗൺസിലുകൾ ശുപാർശ ചെയ്യുകയും സംസ്ഥാന നേതൃത്വത്തിന്‍ ബോധ്യമാകുകയും വേണം. മറ്റൊരു വ്യക്തി ആ മണ്ഡലത്തിൽ മത്സരിച്ചാൽ വിജയിക്കാന്‍ സാധ്യതയില്ലയെന്ന നിഗമനത്തിൽ സംസ്ഥാന നേതൃത്വം എത്തിച്ചേര്‍ന്നാല്‍ മാത്രമേ അങ്ങനെയുള്ളവർക്ക് വീണ്ടും അവസരമൊരുങ്ങു. ഇതോടെ പട്ടികയിൽ പുതുമുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലായി.
കൊല്ലം ജില്ലാ നിർവാഹക സമിതി യോഗത്തിൽ സി ദിവാകരനും മുല്ലക്കര രത്നാകരനും കെ രാജുവിനും വീണ്ടും അവസരം നൽകേണ്ടെന്ന അഭിപ്രായമാണ് ഉയര്‍ന്നിട്ടുള്ളത്. നിലവിൽ പീരുമേട് എം എൽ എ ആയ ഇ എസ് ബിജിമോളുടെ പേരു മാത്രമാണ് മൂന്നാം അവസരത്തിനായി നേതൃത്വത്തിനു ലഭിച്ചിട്ടുള്ളത്. ജില്ലാ കൗൺസിൽ കൂടി ചേർന്നാണ് ഇതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്.
നിലവിൽ നിയമസഭാകക്ഷി നേതാവായ ദിവാകരനെ മാറ്റിനിർത്തുമെന്ന പ്രചാരണം ശക്തമാണ്. കൂടാതെ മുല്ലക്കര രത്നാകരൻ, പി തിലോത്തമൻ, വി എസ് സുനിൽകുമാർ എന്നിവരുടെ കാര്യത്തിൽ ഇളവ് അനുവദിച്ചേക്കുമെന്നും സൂചനയുണ്ട്. ഉന്നത നേതൃനിരയിൽനിന്ന് ആരൊക്കെ മത്സരത്തിനുണ്ടാകണം എന്ന കാര്യത്തിൽ ഇതുവരേയും സി പി ഐയിൽ ധാരണയായിട്ടില്ല. കെ ഇ ഇസ്മായിൽ, പന്ന്യൻ രവീന്ദ്രൻ, കെ പ്രകാശ് ബാബു തുടങ്ങിയവരുടെ പേരുകളും ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.