തിരുവമ്പാടി സീറ്റ്: താന്‍ നല്കിയ കത്ത് ചര്‍ച്ചയാക്കേണ്ട; മുഖ്യമന്ത്രിക്ക് ഒരുപാട് കത്തുകള്‍ നല്കിയിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി

വ്യാഴം, 10 മാര്‍ച്ച് 2016 (12:08 IST)
തിരുവമ്പാടി നിയമസഭ സീറ്റുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അയച്ച കത്ത് ചോര്‍ന്നതില്‍ മുസ്ലിം ലീഗിന് അതൃപ്‌തി. അതേസമയം, താന്‍ നല്കിയ കത്ത് ചര്‍ച്ചയാക്കേണ്ട കാര്യമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രിക്കാണ് താന്‍ കത്തയച്ചത്. മുഖ്യമന്ത്രിക്ക് ഒരുപാട് കത്തുകള്‍ നല്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവമ്പാടി ലീഗിന്റെ സീറ്റാണ് അവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
 
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് താമരശ്ശേരി രൂപത തങ്ങള്‍ പറയുന്നയാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ലീഗിന്റെ സീറ്റ് ആയതിനാല്‍ അത് സാധ്യമല്ല. ഇതിനെ തുടര്‍ന്ന് നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍ ഇനിവരുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുതല്‍ തിരുവമ്പാടി സീറ്റ് താമരശ്ശേരി രൂപത പറയുന്ന കോണ്‍ഗ്രസ് സ്ഥാനാത്ഥിക്ക് വിട്ടുകൊടുക്കാമെന്ന് വ്യവസ്ഥ ഉണ്ടായിരുന്നു. ഇതു സംബന്ധിച്ച് പി കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിക്ക് കത്ത് എഴുതുകയും ചെയ്തിരുന്നു.
 
ഈ കത്താണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 20 നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ മുസ്ലിം ലീഗ് ഇത്തവണ പ്രഖ്യാപിച്ചു കഴിഞ്ഞു. തിരുവമ്പാടി മണ്ഡലത്തില്‍ ഉമ്മര്‍ മാസ്റ്റര്‍ ആണ് സ്ഥാനാര്‍ത്ഥി. എന്നാല്‍, ഇതില്‍ അതൃപ്‌തി അറിയിച്ച താമരശ്ശേരി രൂപത മുഖ്യമന്ത്രി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളോട് തിരുവമ്പാടിയില്‍ തങ്ങള്‍ പറയുന്നയാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയുമായി മുന്നോട്ടു പോകാനാണ് രൂപതയുടെ തീരുമാനം.

വെബ്ദുനിയ വായിക്കുക