കതിരൂര്‍ മനോജ് വധക്കേസിൽ റിമാൻഡിലുള്ള സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ സമർപ്പിച്ച ജാമ്യ ഹർജിയിൽ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി ജി അനിൽകുമാർ ഇന്നു വിധി പ്രസ്താവിക്കും. സി ബി ഐ പ്രോസിക്യൂട്ടറിൽ നിന്ന്‍ ഇന്നലെ കോടതി വിശദമായ വാദം കേട്ടു. ജയരാജന്റെ തറവാട്ടു ക്ഷേത്രത്തില്‍ വച്ചാണ് കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതെന്ന് സി ബി ഐ പ്രോസിക്യൂട്ടർ എസ് കൃഷ്ണകുമാർ വ്യക്തമാക്കി. ഗൂഢാലോചനയിലെ മുഖ്യപ്രതിയാണ് ജയരാജന്‍. മറ്റു പ്രതികളുടെ പങ്ക് തുടങ്ങുന്നത് കൊലപാതകത്തിനു ശേഷമാണെങ്കില്‍ ജയരാജന്റെ പങ്ക് കൊലപാതകത്തിനു മുമ്പാണെന്നും സി ബി ഐ പ്രോസിക്യൂട്ടർ പറഞ്ഞു.
ജയരാജന്റെ കുടുംബം മനോജിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇവരും കമ്യൂണിസ്റ്റ് കുടുംബമായിരുന്നു. ജയരാജന്റെ സഹോദരിയാണ് മനോജിന്റെ സഹോദരന് വീട്ടിൽവച്ച് ട്യൂഷൻ നൽകിയിരുന്നതെന്നും ജയരാജൻ സമ്മതിച്ചിട്ടുണ്ട്. പിന്നീട് മനോജ് ആർ എസ് എസുമായി ബന്ധം പുലർത്തി. ആർ എസ് എസിൽ ചേർന്നാൽ മനോജിന്റെ കാൽ തല്ലിയൊടിക്കുമെന്ന് ജയരാജൻ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ അതു കാര്യമാക്കാതെ മനോജ് ആർ എസ് എസിൽ പ്രവർത്തിച്ചു. ഇതു മനോജിനോടു ജയരാജനു വൈരാഗ്യമുണ്ടാക്കി. ജയരാജനെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രധാന പ്രതിയായിരുന്നു മനോജ്. മൂന്നു നാലു തവണ മനോജിനു നേരെ വധശ്രമം നടന്നിരുന്നു.
കൊലപാതകം കഴിഞ്ഞ ഉടന്‍തന്നെ പതിനൊന്നാം പ്രതിയായ കൃഷ്ണൻ ജയരാജനെ ഫോണിൽ വിളിച്ചിരുന്നു. കൂടാതെ മറ്റൊരു പ്രതിയായ വിശ്വനാഥനും ജയരാജനുമായി ബന്ധപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് കൊലപാതകത്തിനിടയിൽ പരുക്കേറ്റ വിക്രമനെ ജയരാജന്റെ ഉടമസ്ഥതയിലുള്ള വണ്ടിയിൽ കണ്ണൂരിലും അതിനുശേഷം പയ്യന്നൂരിലെ ആശുപത്രിയിലും എത്തിച്ചത്.
ലോക്കൽ പൊലീസ് ചെയ്യുന്നതു പോലെ ഏതെങ്കിലും പാർട്ടിക്കാരുടെ നിർദേശമനുസരിച്ചായിരുന്നില്ല ജയരാജനെ കേസിൽ പ്രതി ചേർത്തത്. കൃത്യമായ തെളിവുകൾ ലഭിച്ച് അവ നിയമവിദഗ്ധർ പഠിച്ചത്തിനു ശേഷമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ കോടതിക്ക് റിപ്പോർട്ട് നൽകിയത്. സി പി എം സംഘടനാ സംവിധാനം ഉപയോഗിച്ച് ജയരാജനെ നിയമത്തിന്റെ മുൻപിൽ നിന്ന് ഒളിപ്പിക്കാൻ ശ്രമിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രോഗിയായി ചിത്രീകരിക്കുകയുമായിരുന്നു. സി ബി ഐക്ക് സ്വതന്ത്രമായി ചോദ്യം ചെയ്യാനുള്ള അവസരം ആശുപത്രിവാസത്തിന്റെ പേരിൽ തടയാനും സി പി എം ശ്രമിച്ചു. അതുപോലെ ജയരാജൻ സ്വാധീനമുള്ള ആളാണ്. മുൻകാല ചരിത്രം നോക്കിയാൽ ജാമ്യം നൽകുന്നത് കേസിനെ ബാധിക്കുമെന്നും പ്രോസിക്യൂട്ടർ കൂട്ടിച്ചേര്‍ത്തു.
എന്നാൽ തറവാട്ടു ക്ഷേത്രം ട്രസ്റ്റിന്റേതാണെന്നും വ്യക്തിയുടേതല്ലെന്നും പ്രതിഭാഗം അഭിഭാഷകൻ കെ വിശ്വൻ വ്യക്തമാക്കി. വിക്രമനെ കൊണ്ടുപോയ വണ്ടി ജയരാജന്റേതായിരുന്നില്ല. പാട്യത്തെ സോഷ്യൽ സർവീസ് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുടേതാണ് ആ വാഹനം. അതിന്റെ ഭാരവാഹി എന്ന നിലയിലാണ് ജയരാജൻ ആർ സി ഉടമസ്ഥനായത്. ജയരാജന് ജാമ്യം അനുവദിക്കണമെന്ന് വിശ്വൻ വാദിച്ചു. കേസ് ഡയറി സി ബി ഐ വീണ്ടും കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്‍.