പ്രണയിക്കാൻ അനുവദിക്കുന്നില്ല, അമ്മയെ ജയിലിലടക്കണം; കൊച്ചിയിൽ പരാതിയുമായി പതിനെട്ടുകാരൻ

വ്യാഴം, 23 മാര്‍ച്ച് 2017 (12:45 IST)
പ്രണയിക്കാൻ അമ്മ അനുവദിക്കുന്നില്ലെന്ന പരാതിയുമായി എത്തിയ മകനെ കണ്ട് പൊലീസുകാർ ഞെട്ടി. പതിനെട്ടു വയസ്സുമാത്രം പ്രായമുള്ള വിദ്യാർത്ഥിയുടെ ആവശ്യം ആരേയും അമ്പരപ്പിക്കുന്നതായിരുന്നു. അമ്മ പ്രണയിക്കാന്‍ അനുവദിക്കുന്നില്ലെന്നും അമ്മയെ ജയിലിലിടണമെന്നും ആയിരുന്നു മകന്റെ പരാതി.
 
രേഖാമൂലമാണ് വിദ്യാർത്ഥി പരാതി നല്‍കിയിരിക്കുന്നത്. കൊച്ചിയിലാണ് സംഭവം. പ്രണയിക്കാന്‍ തടസം നില്‍ക്കുന്ന അമ്മയ്‌ക്കെതിരെ കേസെടുത്ത് ജയിലില്‍ അടയ്ക്കണമെന്നാണ് പരാതിയിൽ പറയുന്നത്. പൊലീസ് പലതവണ യുവാവിനെ ഉപദേശിപ്പിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തന്റെ പരാതിയില്‍ ഉടന്‍ നടപടി വേണമെന്ന ആവശ്യത്തില്‍ ചെറുപ്പക്കാരന്‍ ഉറച്ചു നിന്നു. 
 
യുവാവ് സ്ഥിരമായി സ്റ്റേഷനിലെത്തിയതോടെ പൊലീസ് അമ്മയേയും പെണ്‍കുട്ടിയുടെ വീട്ടുകാരെയും വിളിച്ചുവരുത്തി. ഒത്തുതീർപ്പാക്കാനും പ്രശ്നം പറഞ്ഞ് തീർക്കാനും പൊലീസും വീട്ടുകാരും ശ്രമിച്ചെങ്കിലും തന്റെ തീരുമാനത്തിൽ നിന്നും അണുവിട പിന്നോട്ട് ചലിക്കാൻ യുവാവ് തയ്യാറായില്ല.
 
ഇതേതു‌ടർന്ന്, മകനു നിര്‍ബന്ധമാണെങ്കില്‍ പ്രണയിക്കട്ടെ എന്ന് അമ്മ പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇത് അംഗീകരിച്ചില്ല. ആദ്യം വിവാഹം പിന്നീട് പ്രണയം എന്ന ആവശ്യം അവര്‍ ഉന്നയിച്ചു. എന്നാൽ ഇപ്പോൾ വിവാഹം വേണ്ടെന്നും പ്രണയം മതിയെന്നും യുവാവ് പറഞ്ഞു. പൊലീസ് സ്വരം കടുപ്പിച്ചതോടെ ചെറുപ്പക്കാരന്‍ അമ്മയുടെ കൂടെ സ്റ്റേഷന്‍ വിട്ടു.

വെബ്ദുനിയ വായിക്കുക