വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണം: അദ്ധ്യാപകനും വിദ്യാര്‍ത്ഥികളും പിടിയില്‍

വെള്ളി, 30 സെപ്‌റ്റംബര്‍ 2016 (12:14 IST)
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ കേസില്‍ അദ്ധ്യാപകനും രണ്ട് വിദ്യാര്‍ത്ഥികളും പൊലീസ് പിടിയിലായി. ചെര്‍പ്പുളശേരി ഐഡിയല്‍ കോളേജ് അദ്ധ്യാപകന്‍ മലപ്പുറം പെരിന്തല്‍മണ്ണ കുന്നക്കാവ് കോലോത്തോടി മുഹമ്മദ് അബ്ദുള്‍ മുബീന്‍ എന്ന 27 കാരനായ അദ്ധ്യാപകനാണു മുഖ്യപ്രതി.
 
ഇതേ കോളേജിലെ വിദ്യാര്‍ത്ഥികളായ നെല്ലായ പേങ്ങോട്ടിരി വടക്കേ പുരയ്കല്‍ വിജീഷ് (19), തൃക്കടീരി കുറ്റിക്കോട് കൂളിയാട്ടി അര്‍ഫാസ് (20) എന്നീ ബിരുദ വിദ്യാര്‍ത്ഥികളാണു കൂട്ടു പ്രതികള്‍. 
 
കോമേഴ്സ് വിഭാഗം അദ്ധ്യാപകനാണു മുബീന്‍. ചൊവ്വാഴ്ച ചെര്‍പ്പുളശേരിയില്‍ നടന്ന വാഹന പരിശോധനയ്ക്കിടെ ഇവരുടെ കാര്‍ പരിശോധിച്ചപ്പോള്‍ കണ്ട വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ അന്വേഷണത്തിലാണു ഇവര്‍ വലയിലായത്. 
 
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂള്‍ എന്ന പേരിലായിരുന്നു ഇയാള്‍ ഹയര്‍ സെക്കന്‍ഡരി സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി അച്ചടിച്ചു നല്‍കിയിരുന്നത്. 15000 മുതല്‍ 28000 രൂപ വരെ ഇയാള്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഈടാക്കിയിരുന്നു. 
 
ഈ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ബിരുദ പ്രവേശനം നേറ്റിയ 18 വിദ്യാര്‍ത്ഥികളെ പുറത്താക്കിയതായി ഐഡിയല്‍ കോളേജ് അധികാരികള്‍ അറിയിച്ചു. സി.ഐ ദീപക് കുമാറിന്‍റെ നേതൃത്വത്തിലാണു പ്രതികളെ അറസ്റ്റ് ചെയ്തത്. 

വെബ്ദുനിയ വായിക്കുക