ബേബി ഡാമിനെ ബലപ്പെടുത്തിയ ശേഷം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാൻ നടപടിയെടുക്കുമെന്ന് തമിഴ്നാട് . കോടതി നിർദേശിച്ച ബേബി ഡാം ബലപ്പെടുത്തൽ പൂർത്തിയായ ശേഷം, ജലനിരപ്പ് 152 അടിയാക്കാൻ നടപടിയെടുക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുഗനാണ് അറിയിച്ചത്. മുല്ലപ്പെരിയാർ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നതിനെതിരെ തമിഴ്നാട്ടിൽ എഐഡിഎംകെ അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. തമിഴ്നാട്ടിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഗണിക്കാതെയാണ് ഡിഎംകെ സർക്കാർ അണക്കെട്ട് തുറക്കാൻ തീരുമാനിച്ചതെന്നായിരുന്നു എഐഡിഎംകെയുടെ ആരോപണം. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ നിന്നും 136 അടിയലേക്ക് താഴ്ത്തണമെന്ന് കേരളം ആവശ്യപ്പെടുന്നതിനിടെയാണ് തമിഴ്നാട് മന്ത്രിയുടെ പ്രസ്താവന.