അങ്കമാലി അതിരൂപത വിറ്റ ഭൂമി കണ്ടുകെട്ടി; സാജു വർഗീസ് 10 കോടി പിഴയടക്കണം - ഇടപാടുകള്‍ മരവിപ്പിച്ചു
തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (16:33 IST)
സിറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപത വിറ്റ 64 സെന്റ് ഭൂമി ആദായനികുതി വകുപ്പ് കണ്ടുകെട്ടി. ഭൂമി വില്‍പ്പനയുടെ ഇടനിലക്കാരന്‍ സാജു വര്‍ഗീസിന് വിറ്റ ഭൂമിയാണ് കണ്ടുകെട്ടിയത്. ഇയാളുടെ സാമ്പത്തിക ഇടപാടുകളും മരവിപ്പിച്ചു.
പരിശോധനയില്‍ സാജു വർഗീസ് നികുതി വെട്ടിച്ചതായി ആദായ നികുതി വകുപ്പ് കണ്ടെത്തി. തുടർന്ന് 10 കോടി രൂപ പിഴയടയ്ക്കാൻ ആവശ്യപ്പെട്ട് സാജു വർഗീസിന് നോട്ടീസും നൽകി. രൂപതയ്ക്കു വേണ്ടി ഭൂമിവിറ്റ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും ആദായനികുതി വകുപ്പ് നോട്ടിസ് അയച്ചു.
3.94 കോടി രൂപയ്ക്ക് വാങ്ങിയ ഭൂമി സാജു പിന്നീട് 39 കോടിക്കാണ് മറിച്ചു വിറ്റത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നേരത്തെ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയടക്കമുള്ളവർക്കെതിരെ കേസെടുത്തിരുന്നു.
സാജുവിന്റെ വാഴക്കാലയിലെ 4298 ചതുരശ്ര അടി വരുന്ന ആഡംബര വീടാണ് കണ്ടുകെട്ടിയതില്‍ പ്രധാനം. ഈ വീടിനും ഭൂമിക്കും 4.16 കോടി രൂപയാണ് ആദായനികുതി വകുപ്പ് വിലയിട്ടിരിക്കുന്നത്. സാജു വഴി വി കെ ഗ്രൂപ്പ് വാങ്ങിയ സഭയുടെ ഭൂമിയും മറ്റു നികുതി വെട്ടിപ്പിന്റെ പേരില്‍ ഇവരുടെ ഏഴ് അനുബന്ധ ആസ്തികളും കണ്ടുകെട്ടി.
സാജു വര്‍ഗീസും വികെ ഗ്രൂപ്പും ചേര്‍ന്ന് 20 കോടിയോളം രൂപയുടെ വരുമാനം മറച്ചുവെച്ചുവെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍.