കണ്ണൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി; ജാഗ്രത

ശനി, 19 ഓഗസ്റ്റ് 2023 (09:07 IST)
കണ്ണൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാര്‍ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പന്നി ഫാമുകളിലെ മുഴുവന്‍ പന്നികളെയും കൊന്നൊടുക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. കണിച്ചാര്‍ മലയമ്പാടി പി.സി.ജിന്‍സിന്റെ പന്നി ഫാമിലാണ് ജില്ലാ മൃഗസംരക്ഷ ഓഫീസര്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ഈ ഫാമിലെയും പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള മൈല്‍ ജെയിംസ് ആലക്കാത്തടത്തിന്റെ ഫാമിലെയും മുഴുവന്‍ പന്നികളെ കൊന്നൊടുക്കി ജഡങ്ങള്‍ മാനദണ്ഡ പ്രകാരം സംസ്‌കരിക്കണമെന്നാണ് ജില്ലാ കലക്ടറുടെ ഉത്തരവ്. 
 
രോഗം സ്ഥിരീകരിച്ച പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റര്‍ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ പന്നി മാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവര്‍ത്തനവും വിലക്കിയിട്ടുണ്ട്. പന്നികളെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളില്‍ നിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ടുവരുന്നതും മൂന്ന് മാസത്തേക്ക് നിരോധിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍